നിക്ഷേപം തിരിച്ചു നൽകിയില്ല; തളിപ്പറമ്പ് റോയല്‍ ട്രാവന്‍കൂറിൽ നിക്ഷേപകരുടെ പ്രതിഷേധം

തളിപ്പറമ്പ്: റോയല്‍ ട്രാവന്‍കൂര്‍ ഫാർമേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ തളിപ്പറമ്പ് ശാഖയിൽ നിക്ഷേപം പിൻവലിക്കാനെത്തിയ ഇടപാടുകാർക്ക് പണം ലഭിച്ചില്ലെന്ന് പരാതി. തുടർന്ന് ശാഖയിൽ പ്രതിഷേധവുമായെത്തിയ ഇടപാടുകാരെ പൊലീസെത്തി ശാന്തരാക്കി തിരിച്ചയച്ചു. കാലാവധി പൂർത്തിയായിട്ടും നിക്ഷേപതുക തിരിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നിക്ഷേപര്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്.
നേരത്തേ നിക്ഷേപകർ പൊലീസിനെ സമീപിച്ചതോടെ സ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ടവർ തിങ്കളാഴ്ച നിക്ഷേപം തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് നിക്ഷേപകർ എത്തിയത്. എന്നാൽ ഉത്തരവാദപ്പെട്ടവരാരും സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല.
നിക്ഷേപകർ സംഘടിച്ച് പ്രതിഷേധിച്ചതോടെ എസ്.ഐ കെ.പി. രമേശൻ സ്ഥലത്തെത്തി. റോയല്‍ ട്രാവന്‍കൂര്‍ ജീവനക്കാരുമായി ഫോണിൽ സംസാരിച്ച ശേഷം ഈ മാസം ഇരുപത്തി അഞ്ചിന് ഇരുപതിനായിരത്തിൽ തഴെയുള്ള തുക ശാഖയിൽനിന്നും കൂടുതലുള്ളത് അക്കൗണ്ടുകളിലേക്കും നൽകുമെന്ന് ഉറപ്പു നൽകി പ്രശ്നം താല്‍ക്കാലികമായി അവസാനിച്ചു.