മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ് ; സ്റ്റാമ്പ് പുറത്തിറക്കി

Share our post

കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ യുടെ നേതൃത്വത്തിൽ നടൻ മമ്മൂട്ടിയെ ആദരിച്ച് പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.

ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം ചെയ്തു.ഓസ്ട്രേലിയയിലെ നിരവധി എം.പി മാര്‍, സെനറ്റ് അംഗങ്ങള്‍, ഹൈക്കമ്മീഷണര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ആസ്ട്രേലിയയിലെ വിവിധ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി നൂറ്റി അന്‍പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും.

ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങള്‍ ആദരിക്കുന്നതെന്ന് ആന്‍ഡ്രൂ ചാള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ വളര്‍ന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റര്‍ മുറേയ് വാട്ട് പറഞ്ഞു.

ട്രെയ്ഡ് ആന്‍ഡ് ടൂറിസം മിനിസ്റ്റര്‍ ഡോണ്‍ ഫാരല്‍ ഇന്ത്യയിലെ ഓസട്രേലിയന്‍ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡാനിയേല്‍ മക്കാര്‍ത്തി, പാര്‍ലമെന്ററി സമിതി ഉപാധ്യക്ഷന്‍ ജൂലിയന്‍ ലീസര്‍ സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ ഇന്ത്യ റിലേഷന്‍സ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷണല്‍ അസ്സോസിയേറ്റ് ചെയര്‍ ഇര്‍ഫാന്‍
മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോഡിനേറ്ററും വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയണല്‍ ചെയര്‍മാനുമായ കിരണ്‍ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!