അക്ഷയ എ.സദാനന്ദൻ കേരള സീനിയർ ടീമിൽ

തലശ്ശേരി: നാഗ്പൂരിൽ 19 മുതൽ 30 വരെ നടക്കുന്ന ബി.സി.സി.ഐ സീനിയർ വിമൻസ് ടി 20 ട്രോഫി 2023-24 സീസണിലേക്കുള്ള കേരള ടീമിൽ കണ്ണൂർ സ്വദേശിയായ അക്ഷയ എ. സദാനന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ താരം മിന്നുമണിയാണ് കേരള ക്യാപ്റ്റൻ. സുമൻ ശർമ കേരള പരിശീലകയാണ്. ഒക്ടോബർ 19 ന് രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.
2018-19 സീസണിൽ റാഞ്ചിയിൽ നടന്ന അണ്ടർ 23 ഇന്ത്യ ചാലഞ്ചേഴ്സ് ട്രോഫിയിൽ ഇന്ത്യ ഗ്രീനിന് വേണ്ടി അക്ഷയ കളിച്ചിട്ടുണ്ട്. 2017-18 സീസണിൽ മുംബൈയിൽ നടന്ന 23 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ അന്തർസംസ്ഥാന ടി 20 ടൂർണമെന്റിൽ ജേതാക്കളായ കേരള ടീമംഗമാണ് അക്ഷയ.
കഴിഞ്ഞ സീസണിൽ സീനിയർ സൗത്ത് സോൺ ടി 20 ടീമംഗമായിരുന്നു. വലം കൈയൻ ടോപ്പ് ഓർഡർ ബാറ്റ്സ് വിമനും വലം കൈയൻ ഓഫ് സ്പിന്നറുമാണ് അക്ഷയ. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അക്ഷയയെ തലശ്ശേരിയിലെ കായികാധ്യാപകനായ കെ.ജെ. ജോൺസൺ മാസ്റ്റർ ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നത്.
ഒ.വി. മസർ മൊയ്തു, ഡിജുദാസ്, എ.പി. വിനയകുമാർ എന്നിവരുടെ ശിക്ഷണത്തിൽ കരുത്തുകാട്ടിയ അക്ഷയ അണ്ടർ 16, അണ്ടർ 19, അണ്ടർ 23, സീനിയർ കേരള ടീമുകളിലെ സ്ഥിര സാന്നിധ്യമാണ്. അണ്ടർ 16, അണ്ടർ 19 വിഭാഗങ്ങളിൽ കേരള ടീമിനെ നയിച്ചിട്ടുണ്ട്. തലശ്ശേരി പെരുന്താറ്റിൽ സ്വദേശിയായ സദാനന്ദന്റെയും ഷീജയുടെയും മകളാണ്. തൃശൂർ കാർമൽ കോളജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയാണ്.