പോലീസ് സ്റ്റേഷന് വളപ്പില്‍ നിന്ന് ജെ.സി.ബി കടത്തിയ കേസ്; എസ്.ഐക്ക് സസ്പെന്ഷന്

കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത ജെസിബി സ്റ്റേഷന് വളപ്പില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ എസ്ഐക്ക് സസ്പെന്ഷന്. മുക്കം സ്റ്റേഷനിലെ എസ്.ഐ നൗഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജെ.സി.ബി സ്റ്റേഷന് വളപ്പില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ഇയാള്‍ പ്രതികളെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് റൂറല്‍ എസ്പിയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
കഴിഞ്ഞ ഒക്ടോബർ ഒന്‍പതിന് അര്‍ധരാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. പകരം മറ്റൊന്ന് കൊണ്ടുവയ്ക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബര്‍ 19ന് കൊടിയത്തൂര്‍ പുതിയനിടത്ത് അപകടത്തില്‍ ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രമാണ് ഉടമയുടെ മകനായ മാര്‍ട്ടിനും സംഘവും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയത്.
അപകടം നടക്കുമ്പോള്‍ ജെ.സി.ബിക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. ഇതാണ് കസ്റ്റഡിയില്‍ എടുത്ത ജെസിബി മാറ്റി, മറ്റൊന്ന് വയ്ക്കാന്‍ കാരണം.സംഭവത്തില്‍ കൂമ്പാറ സ്വദേശിയായ മാര്ട്ടിന് ഉള്‍പ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.