മാതാപിതാക്കളുടെ കുടുംബവഴക്കിൽ പൊലിഞ്ഞത് മകന്റെ ജീവൻ: ജീവനെടുത്തത് സ്വന്തം അച്ഛൻ

Share our post

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങളായി നിലനിന്ന കുടുംബവഴക്കിനൊടുവില്‍ നഷ്ടമായത് മകന്റെ ജീവന്‍. പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന്‍ അമല്‍ദാസ് (22). തിങ്കളാഴ്ചയാണ് പിതാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

ശിവദാസനും ഭാര്യ സരോജിനിയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നവെന്നാണ് വിവരം.ഒരു വീട്ടില്‍ പരസ്പരം ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ സരോജിനിയും മകളും കബനിഗിരിയിലുള്ള ഇവരുടെ സ്വന്തം വീട്ടിലായിരുന്നു താമസം. കൃത്യം നടക്കുന്ന തിങ്കളാഴ്ചയും ശിവദാസന്റെ മകളും ഭാര്യയും കതവാക്കുന്നിലെ വീട്ടിലുണ്ടായിരുന്നില്ല.

പുലര്‍ച്ചെ അമല്‍ദാസ് അമ്മയെയും സഹോദരിയെയും ഫോണില്‍ വിളിച്ച് സംസാരിച്ചു കൊണ്ടിരിക്കെ പിതാവുമായി വാക്കേറ്റമുണ്ടായതായി പറയുന്നു. പൊടുന്നനെ അലര്‍ച്ച കേട്ടു. ഫോണ്‍ കട്ടാകാത്തതിനാല്‍ തുടര്‍ന്ന് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവ്യക്തമായ ശബ്ദങ്ങള്‍ മാത്രമായിരുന്നു അമല്‍ദാസിന്റെ സഹോദരി കേട്ടത്.

തുടര്‍ന്ന് പെണ്‍കുട്ടി അയല്‍വാസികളെ വിളിച്ച് വിവരം പറയുകയായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ അമലിനെ കണ്ടെത്തിയത്. ആക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത് തന്നെ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നുണ്ടായിരുന്നു. സരോജിനിയും ശിവദാസനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി നേരത്തെ തന്നെ അയല്‍വാസികള്‍ക്ക് അറിയാമായിരുന്നു. എങ്കിലും കൊലപാതകത്തിലേക്ക് നീളുമെന്ന് നാട്ടുകാര്‍ കരുതിയിരുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!