കാൽടെക്സ് ജങ്ഷനു സമീപത്തെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി

Share our post

കണ്ണൂർ: കണ്ണൂർ നഗരത്തിലെ കലക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പ് പൊലീസ് ജീപ്പിടിച്ചു തകർന്നു. കണ്ണൂർ എ.ആർ ക്യാംപിലെ പൊലിസ് ജീപ്പാണ് കലക്ടറേറ്റിനു മുൻപിലെ പെട്രോൾ പമ്പിലേക്ക് ഡിവൈഡർ തകർത്ത് പാഞ്ഞുകയറിയത്. ജീപ്പിന്റെ ജോയന്റ് പൊട്ടിയതിനാൽ നിയന്ത്രണം വിടുകയായിരുന്നു.

ഡിവൈഡർ തകർത്തതിനു ശേഷം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ട കാറിൽ പൊലീസ് ജീപ്പിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പിന്നോട്ട് പോയി. പെട്രോൾ നിറയ്ക്കുന്ന മെഷിനും തകർത്തു.


തിങ്കളാഴ്ച്ച രാവിലെ ആറു മണിയോടെയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് നിസാര പരുക്കേറ്റു. പൊലിസ് ജീപ്പ് ഡ്രൈവർക്കും കാറിലുണ്ടായിരുന്നയാൾക്കുമാണ് പരുക്കേറ്റത്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഉടൻ വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം നടത്തി അപകടമൊഴിവാക്കി. ഇതിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിച്ചു.

ഇന്ധനചോർച്ചയില്ലാത്തതിനാലാണ് വൻ അപകടമൊഴിവായത്. ഇന്ധനം നിറയ്ക്കുന്ന മെഷീൻ പൂർണമായും തകർന്നിട്ടുണ്ട്. ഹാരിസ് ബ്രദേഴ്സ് കമ്പിനി പെട്രോളിയം ബങ്കിലേക്കാണ് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു കയറിയത്. കലക്ടറേറ്റിനു മുൻപിലെ ഡിവൈഡറുകൾ തകർന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് കണ്ണൂർ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എട്ടു മണിയോടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ പമ്പിൽ നിന്നും മാറ്റിയിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ പമ്പുകളിലൊന്നാണിത്.

24 മണിക്കൂർ പ്രവർത്തിക്കുന്ന ഈ പമ്പിൽ സാധാരണയായി നല്ല വാഹന തിരക്ക് അനുഭവപ്പെടാറുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പൊലീസും ജീവനക്കാരും നാട്ടുകാരും . സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണമാരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!