യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേര്‍ക്കെതിരേ കേസ്

പഴയങ്ങാടി : യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.
കണ്ണോം കൊട്ടിലയിലെ ഇടത്തിലെ വളപ്പില്‍ വൈശാഖിന്റെ പരാതിയിലാണു കേസ്. പഴയങ്ങാടിയിലെ ജിംനേഷ്യം ഉടമയും മാടായി തിരുവര്കാട്ട്കാവിനു സമീപമുള്ള സജിത്ത് പത്മനാഭൻ എന്ന എ.വി. സജിത്ത് കുമാര്‍, ഇരിട്ടി സ്വദേശിനിയായ സ്മിത (27) എന്നിവര്‍ക്കെതിരേയാണു പഴയങ്ങാടിയിലെ കേസ്.
പരിയാരത്ത് വിളയാങ്കോട് സ്വദേശി രതീഷ്, രണ്ട് സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നു ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയിലും എ.വി.സജിത്ത്, സ്മിത എന്നിവരുടെ പേരില്‍ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
സ്പെയിനിലെ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി വാഗ്ദാനം നല്കി 2020 മുതല്‍ ബാങ്ക് വഴിയും നേരിട്ടും 5,36,000 രൂപ കൈപ്പറ്റുകയും തുടര്‍ന്ന് ജോലിക്കുള്ള വീസയോ പണമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന വൈശാഖിന്റെ പരാതിയിലാണു കേസ്.
വിദേശങ്ങളിലേക്ക് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍, തളിപ്പറമ്ബ്, കണ്ണപുരം, പരിയാരം എന്നി സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ 2020 മുതല്‍ പരാതി നിലവിലുണ്ട്.
പോലീസ് അന്വേഷത്തില്‍ ഇവര്‍ ഒളിവിലാണെന്നു പറയുമ്ബോഴും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എന്നതാണ് വസ്തുത. വിവിധ സ്റ്റേഷനുകളിലെ പരാതിയില്‍ നാലുകോടിയോളം രൂപയാണ് ഇവര്‍ ജനങ്ങളെ വഞ്ചിച്ച് കൈക്കലാക്കിയതെന്നാണു പ്രാഥമിക നിഗമനം.