സംസ്ഥാന കായികമേളയില്‍ തിളങ്ങാന്‍ മട്ടന്നൂരിലെ സഹോദരിമാര്‍

മട്ടന്നൂർ : സംസ്ഥാന കായികമേളയിൽ ജില്ലയ്‌ക്കായി മെഡൽ നേടാനുള്ള തയ്യാറെടുപ്പിലാണ് സഹോദരിമാർ. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ പത്തൊമ്പതാം മൈൽ ദാർ അൽ അമനിൽ റിൻസ റഷീദും സഹോദരി ലാസിമ റഷീദുമാണ് സംസ്ഥാന കായികമേളയിൽ മത്സരിക്കുന്നത്. തിങ്കളാഴ്‌ച ഇരുവരും തൃശൂരിലേക്ക് തിരിക്കും.
ലാസിമ രണ്ടിനങ്ങളിലും റിൻസ ഒരിനത്തിലുമാണ് മത്സരിക്കുക.
പത്താം ക്ലാസുകാരിയായ റിൻസ റഷീദ് ജില്ലാ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജംപിൽ സ്വർണവും സഹോദരി എട്ടാം ക്ലാസുകാരിയായ ലാസിമ റഷീദ് സബ് ജൂനിയർ വിഭാഗത്തിൽ ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിലും സ്വർണം നേടി. ഷോട്ട് പുട്ടിൽ മീറ്റ് റെക്കോർഡ് തിരുത്തി 8.69 മീറ്റർ എറിഞ്ഞാണ് ലാസിമ സ്വർണം നേടിയത്. വിദ്യാർഥി ജീവിതത്തിനിടയിൽ കായിക മേഖലയിലേക്ക് തിരിഞ്ഞാൽ പഠനത്തെ ബാധിക്കുമോയെന്ന ആശങ്ക ആദ്യ ഘട്ടത്തിൽ മാതാപിതാക്കളായ ഖത്തറിൽ ജോലി ചെയ്യുന്ന എം.പി. റഷീദിനും കെ.വി. ജസീലയ്ക്കും ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ മക്കൾ നല്ല രീതിയിൽ മറികടക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ കായികതാരമായ ഉപ്പാപ്പ മുസ്തഫയും മാതാപിതാക്കളും ഒപ്പം ചേർന്നു. പഠനത്തോടൊപ്പം കായികമേഖലയിലും ഉയരത്തിലെത്തണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതേ സ്‌കൂളിലെ പത്താംക്ലാസുകാരനായ സഹോദരൻ റിസ്വാനും മികച്ച കായികതാരമാണ്.