പാൽചുരത്തിലൂടെ യാത്രചെയ്യാൻ പ്രാണഭയം വേണം

മാനന്തവാടി : വയനാട് തവിഞ്ഞാൽ 42-ൽനിന്ന് ഏകദേശം മുന്നൂറുമീറ്റർ സഞ്ചരിച്ചാൽ കണ്ണൂരിന്റെ ഭാഗമായി. അവിടെയാണ് പാൽച്ചുരത്തിന്റെ തുടക്കം. പേരുപോലെ ചുരന്നുവരുന്ന പാലിന്റെ മധുരമല്ല യാത്രയ്ക്ക് എന്നുമാത്രം. അഞ്ചു മുടിപ്പിൻ വളവുകളുണ്ടെങ്കിലും ചുരത്തിൽ ഏറ്റവുംപേടിക്കേണ്ടത് വയനാട് കഴിഞ്ഞ ഉടനെയുള്ള കുത്തനെയുള്ള ഇറക്കമാണ്. നിങ്ങൾ ആദ്യമായാണ് പാൽച്ചുരത്തിലൂടെ യാത്രചെയ്യുന്നതെങ്കിൽ ഇവിടെ അല്പനേരം വാഹനം നിർത്തി ചുരം കടന്നുപോകാൻ മനസ്സിനെ പാകപ്പെടുത്തണം. ഉരുളൻ കല്ലുകളും പാറക്കഷണങ്ങളും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്.
കൊടും വളവും കുത്തനെയുള്ള ഇറക്കവും കാണിക്കുന്ന സൂചനാബോർഡുകളാണ് ചുരം നിറയെ. എത്രവേഗത്തിൽ എത്തുന്നവരായാലും വാഹനം സാവധാനം നിർത്തി ഗിയർ ഒന്നിലേക്ക് മാറ്റുന്നതാവും ഉചിതം.
പേരുപോലെത്തന്നെ പേടിപ്പിക്കുന്നതാണ് ചെകുത്താൻതോടിനു സമീപത്തെ ഇറക്കം. മഴക്കാലമായാൽ ആർത്തലച്ച് ഒഴുകുന്ന ചെകുത്താൻതോടിന്റെ ഉഗ്രരൂപം കാണാതെ ചുരം കയറിയെത്താനാവില്ല. ചെങ്കുത്തായ ഇറക്കത്തിൽ മനസ്സും വണ്ടിയും ഒന്നുപാളിപ്പോയാൽ നേരെ എത്തുക വലിയ കൊക്കയിലേക്കാണ്…….
റോഡിന് സുരക്ഷാഭിത്തിയുണ്ടെങ്കിലും ഇത് മതിയായ സുരക്ഷ നൽകില്ല. ഉയരംകുറഞ്ഞതാണ്. വാഹനങ്ങൾ താഴേക്കുപതിക്കാൻ സാധ്യതയേറെ. തകർന്നവതന്നെ പൂർണമായും പുനർനിർമിച്ചിട്ടില്ല. ചിലയിടങ്ങളിൽ വേലികൾ, ചിലയിടങ്ങളിൽ ഭിത്തികൾ. രണ്ടും ഒരുപോലെ. വലിയ പ്രയോജനമൊന്നുമില്ല.
ഇന്റർലോക്കിങ് വിജയം
ചുരം റോഡുകൾ മിക്കയിടത്തും തകർന്നിട്ടുണ്ടെങ്കിലും ആശ്രമഭാഗത്തെ ഗ്രോട്ടോയ്ക്കുസമീപം ഇന്റർലോക്ക് ചെയ്തത് വൻ വിജയമാണ്. ടാറിങ്ങും ഇന്റർലോക്കും ഒരേ നിരപ്പിലാണുള്ളത്.
വർഷങ്ങൾക്കുമുമ്പാണ് ഇവിടത്തെ വളവിൽ ഇന്റർലോക്ക് പാകിയതെങ്കിലും ഒന്നും ഇളകിപ്പോയിട്ടില്ല. ഇതുപോലുള്ള കാര്യക്ഷമമായ പ്രവൃത്തി റോഡിൽ നടത്തണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.