ഗാസയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400 പലസ്തീനികൾ; കര-നാവിക വ്യോമാക്രമണത്തിനൊരുങ്ങി ഇസ്രയേൽ

Share our post

റഫ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 400 പലസ്തീനികള്‍. 1500ഓളം പേര്‍ക്ക് പരിക്കേറ്റു. ഗാസ സിറ്റിയില്‍ 260 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മധ്യഗാസയിലെ ഡയര്‍ എല്‍-ബലാഹില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു.

ബയ്ത് ലഹിയ നഗരത്തില്‍ 10 പേരും തെക്കന്‍ ഖാന്‍ യൂനിസില്‍ 20 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഒരാഴ്ച പിന്നിട്ട യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2215ആയി. 8714 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 700 കുട്ടികളുമുണ്ട്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ 50ലേറെ ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ പക്ഷത്ത് 1300 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 3400ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ വടക്കന്‍ ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകല്‍ വേഗത്തിലാക്കാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര-കടല്‍-വ്യോമ മാര്‍ഗ്ഗത്തിലൂടെ ത്രിതല ആക്രമണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍.

ഇതിനിടെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലപ്പോ വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായും വിമാന സര്‍വീസുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും സിറിയയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അലപ്പോ വിമാനത്താവളം അടച്ചതായും വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11.35ഓടെ മെഡിറ്ററേനിയന്‍ കടലിന്റെ ഭാഗത്ത് നിന്ന് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ് സിറിയന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!