രോഗപ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യത്തിനും കൂണ്‍ കഴിക്കാം

നമ്മള്‍ പതിവായി കഴിക്കുന്ന ഭക്ഷണത്തിലുള്‍പ്പെടുന്നതല്ല കൂണ്‍. എന്നാല്‍ കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രോട്ടീനിന്റെയും അമിനോ ആസിഡുകളുടെയും കലവറയാണ് കൂണ്‍. വിറ്റാമിന്‍ ഡി കുറയുന്നതുമൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൂണ്‍ പതിവായി കഴിക്കുന്നത് ഉത്തമപരിഹാരമാണ്. കുട്ടികള്‍ക്കും കൂണ്‍ നല്‍കുന്നത് വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോഗശേഷി കൂട്ടാനും ഇത് ഗുണം ചെയ്യും.
കൂണിന്റെ കൂടുതല്‍ ഗുണങ്ങളറിയാം
സോഡിയം വളരെ കുറവുള്ള കൂണില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണകരമാണ്. കൂടാതെ കുടലിന്റെ ആരോഗ്യം സംരംക്ഷിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൂണിന് സാധിക്കും.
ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ കൂണ്‍ കാഴ്ചശക്തി വര്‍ധിപ്പിക്കും. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യസംരക്ഷണത്തിനും ഗുണം ചെയ്യും.കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. നാരുകള്‍ ധാരാളം അടങ്ങിയിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിര്‍ബന്ധമായും കൂണ്‍ ഉള്‍പ്പെടുത്തണം. കൂണ്‍ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ കലോറിയും കുറവാണ്. അത്തരത്തില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. ഇതിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യം സംരംക്ഷിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)