മലിനജലം ഒഴുക്കിയ ലോറി ഉടമക്ക് അരലക്ഷം രൂപ പിഴ

പരിയാരം: മലിന ജലം രാത്രിയിൽ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കി വിട്ട ലോറി ഉടമക്ക് അരലക്ഷം രൂപ പിഴയിട്ട് പരിയാരം ഗ്രാമപഞ്ചായത്ത്. ലോറി ഉടമ പുളിമ്പറമ്പ് സ്വദേശി അഞ്ചക്കാരന്റകത്ത് ജബ്ബാറിൽ നിന്നാണ് പിഴയീടാക്കിയത്.
നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള പറമ്പിലേക്ക് ഐസ്‌ക്രീം പ്ലാന്റിലെ അടക്കമുള്ള മലിന ജലം ഒഴുക്കി വിട്ടു നാടിനോട് ക്രൂരത കാണിച്ചവരെ ടാങ്കർ ലോറി സഹിതംയൂത്ത് ലീഗ് പ്രവർത്തകർ കൈയ്യോടെ പിടിച്ചിരുന്നു.
പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നത് തടയാൻ വാർഡ് മെമ്പർമാരുടെ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും, മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇപ്പോൾ മാലിന്യം തള്ളുന്നത് തടഞ്ഞവർക്ക് തക്കതായ പാരിതോഷികം നൽകുമെന്നും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ അറിയിച്ചു.