സാധാരണക്കാർക്കും ഇനി അതിവേഗത്തിൽ പറക്കാം; ‘വന്ദേ സാധാരൺ’ കോച്ചുമായി റെയിൽവെ, അമ്പരപ്പിക്കുന്ന സവിശേഷതകൾ

Share our post

ചെന്നൈ: രാജ്യത്ത് വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു സാധാരണക്കാർ എങ്ങനെ ഈ ട്രെയിനുകളിൽ യാത്ര ചെയ്യും. ശീതീകരിച്ച വന്ദേഭാരത് കോച്ചുകളുടെ ടിക്കറ്റ് നിരക്ക് തന്നെയാണ് ഈ ചോദ്യത്തിന് ആധാരം. കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന് തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് നൽകേണ്ട ടിക്കറ്റ് നിരക്ക് 1520 രൂപയാണ്.

ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്.എന്നാൽ ഇപ്പോഴിതാ സാധാരണക്കാർക്ക് വേണ്ടി വന്ദേഭാരത് മാതൃകയിൽ പുറത്തിറക്കുന്ന വന്ദേ സാധാരൺ കോച്ചിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നോൺ-എസി സൗകര്യത്താൽ ഒരുക്കുന്ന വന്ദേ സാധാരൺ കോച്ചുകളുടെ നിർമ്മാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.

ഈ മാസം അവസാനത്തോടെ ആദ്യ ട്രെയിൻ പുറത്തിറക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 1800ഓളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ ട്രെയിനിന് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.നോൺ എസി കോച്ചുകളാണെങ്കിലും വന്ദേഭാരതിന് സമാനമായ യാത്ര അനുഭവമായിരിക്കും യാത്രക്കാർക്ക് ലഭിക്കുക. റിസർവ് ചെയ്യാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ കോച്ചുകളിൽ ആധുനികമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ലക്ഷ്വറി യാത്രാനുഭവം ലഭിക്കാൻ എർഗണോമിക് ഡിസൈനുകൾ നൽകാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള ജനറൽ കോച്ചുകളുടെ മാതൃകയിലാണ് ഉൾവശം ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ലൈറ്റുകളും ഫാനുകളും സ്വിച്ചുകളും പുതിയ ഡിസൈനിലാണ് സജ്ജമാക്കിയിരിക്കുന്നത്.അംഗവൈകല്യമുള്ളവർക്കായി പ്രത്യേക ശുചിമുറിയും ഓരോ കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്.

വന്ദേഭാരത് കോച്ചുകളിലുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും വന്ദേ സാധാരണിലും ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിർമ്മാണം പുരോഗമിക്കുന്ന കോച്ചുകൾ വിലയിരുത്തുന്നതിനായി റെയിൽവെ ബോർഡ് അംഗങ്ങൾ ഫാക്ടറി സന്ദർശിച്ചിരുന്നു. ചെലവ് ലാഭിക്കുന്നതിനായി നോൺ എസി ട്രെയിനിനായി രണ്ട് വാപ്പ് 5 ലോക്കോമോട്ടീവുകൾ ഉപയോഗിച്ച് പുഷ് ആൻഡ് പുൾ രീതി അവലംബിക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!