ബൊമ്മക്കൊലുവൊരുക്കി വിജയ് നീലകണ്ഠൻ

തളിപ്പറമ്പ് : പുരാണകഥകളിലെ നിരവധി മൂഹൂർത്തങ്ങൾ വരച്ചുകാട്ടാൻ ബൊമ്മകളൊരുക്കി നവരാത്രി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് തളിപ്പറമ്പിലെ വിജയ് നീലകണ്ഠൻ. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ പരമ്പരാഗത ശൈലിയിലാണ് ബൊമ്മക്കൊലു ആഘോഷിക്കുന്നത്.
തമിഴ് ബ്രാഹ്മണരുടെ നവരാത്രിയാഘോഷങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു വെക്കൽ. നീലകണ്ഠ അയ്യർ മന്ദിരത്തിൽ 2200-ൽപ്പരം ബൊമ്മകളാണുള്ളത്. ഇത് ഒരു പ്രദർശനത്തിനു വേണ്ടിയല്ലെന്ന് വിജയ് നീലകണ്ഠൻ പറഞ്ഞു. മഹാഭാരത കഥ, രാമായണകഥ, രാവണ ലിങ്കപൂജ, ബ്രാഹ്മണ കല്യാണമുഹൂർത്തങ്ങൾ, ഭഗവാൻ കൃഷ്ണന്റെ ജനനമുഹൂർത്തം മുതലുള്ള കഥകൾ അവതരിപ്പിക്കുന്നുണ്ട്.
ബദരീനാഥ്, പഴനി ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങൾ, ദേവീദേവൻമാരുടെ രൂപങ്ങൾ, ഭൂതഗണങ്ങൾ, രാവണവധം, പൂതനാവധം, സീതാകല്യാണം തുടങ്ങിയ കഥാമുഹൂർത്തങ്ങളുമുണ്ട്.
മൈസൂരു, ബെംഗളൂരു, കാഞ്ചീപുരം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ബൊമ്മകളെത്തിച്ചത്. ഏഴുലക്ഷത്തോളം രൂപ ചെലവിലാണ് പെരിഞ്ചെല്ലൂരിൽ ഇത്തരത്തിലൊരാഘോഷത്തിന് ഇദ്ദേഹം തുടക്കമിടുന്നത്. ബൊമ്മകൾ തട്ടുകളിൽ നിരത്തിവെച്ച് ദേവീപൂജ നടത്തുന്നതാണ് ആചാരം. ഭക്തിയുടെ ഒൻപത് ദിനരാത്രങ്ങളിലും നീലകണ്ഠ അയ്യർ മന്ദിരത്തിൽ പൂജയും ഭജനയുമുണ്ടാകും.