സിമി പഠിച്ചത് ഇലക്‌ട്രോണിക്സ്; തിരഞ്ഞെടുത്തത് കോഴിവളർത്തൽ

Share our post

കണ്ണൂർ : ചന്ദനക്കാംപാറയിലെ വിജയൻ കടലായിയുടെയും പദ്‌മിനിയുടെയും മകളായ സിമി ഐ.‍ടി.ഐ.യിൽ നിന്ന് ഇലക്‌ട്രോണിക്സിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത തൊഴിൽ കോഴിവളർത്തലായിരുന്നു.

കൃഷിക്കാരനായ അച്ഛനിൽനിന്ന് പകർന്നുകിട്ടിയ നാട്ടറിവുകളായിരുന്നു സിമിയുടെ ഊർജം. വിവാഹിതയായി ബക്കളം കാനൂലിൽ എത്തിയപ്പോഴാണ് കോഴിവളർത്തൽ വിപുലപ്പെടുത്തിയത്.

എട്ടുവർഷം മുൻപ് ആരംഭിച്ച സംരംഭം ഇപ്പോൾ വിജയകരമായി മുന്നോട്ടുപോകുന്നു. മുട്ടക്കോഴികളെ വളർത്തി സർക്കാർ പദ്ധതിയനുസരിച്ച് വിൽക്കുകയാണ് സിമി ബക്കളം.

ഫാമിൽ 3000 കോഴികൾ

: മുണ്ടയാട്ടെ സർക്കാർ മേഖലാ കോഴിവളർത്തുകേന്ദ്രത്തിൽനിന്ന് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി സ്വന്തം ഫാമിൽ 46 ദിവസം വളർത്തിയാണ് വിൽപ്പന നടത്തുന്നത്. ഫാമിൽ ഇപ്പോൾ 3000 കോഴികളുണ്ട്.

യുവകർഷകയ്ക്കുള്ള പുരസ്കാരം

: 2015-ൽ മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്കാരം ഈ 42-കാരിക്ക് ലഭിച്ചു. ഈ മാസം 12-ന് കൊച്ചിയിൽ നടന്ന ദേശീയ കാർഷിക സയൻസ് കോൺഗ്രസിൽ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള ആറ് പ്രതിനിധികളിൽ ഒരാൾ സിമിയായിരുന്നു. കോഴിവളർത്തലിന് പുറമേ പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്. ഇലക്‌ട്രീഷ്യനായ ഭർത്താവ് ഉത്തമൻ സഹായവുമായി ഒപ്പമുണ്ട്.

ലോക മുട്ടദിനത്തിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പും കേരളാ വെറ്ററിനറി അസോസിയേഷനും വനിതാ-ശിശുക്ഷേമവകുപ്പും ചേർന്ന് വെള്ളിയാഴ്ച കണ്ണൂരിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ സിമി ഉൾപ്പെടെയുള്ള നഴ്സറിയുടമകളെ ആദരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!