കതിരൂർ ആറാം മൈലിൽ ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് പേർ മരിച്ചു

കൂത്തുപറമ്പ് : കണ്ണൂർ കോട്ടയംപൊയിൽ ആറാം മൈലിൽ മൈതാനപ്പള്ളിക്ക് മുൻവശം ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് രണ്ടു മരണം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി – കൂത്തുപറമ്പ് കെ.എസ്.ടി.പി റോഡിലാണ് അപകടം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ ഓട്ടോ ഡ്രൈവർ അഭിലാഷ്,യാത്രക്കാരനായ ഷിജിൻ എന്നിവരാണ് മരിച്ചത്. അഭിലാഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഷിജിൻ പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.
തലശ്ശേരി ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന എം 4 സിക്സ് കെ.എൽ. 58 എസി 3112 ബസാണ് അപകടത്തിന് ഇടയാക്കിയത്. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 58 എജി 4784 സിഎൻജി ഓട്ടോ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം തീപിടിച്ച് കത്തിയമരുകയായിരുന്നു.