കാർഷിക സയൻസ്‌ കോൺഗ്രസിൽ തിളങ്ങി കണ്ണൂരിലെ കർഷകർ

Share our post

കണ്ണൂർ : കൊച്ചിയിൽ നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ് സംഘടിപ്പിക്കുന്ന ദേശീയ കാർഷിക സയൻസ് കോൺഗ്രസ്‌ മുഖാമുഖം പരിപാടിയിൽ തിളങ്ങി കണ്ണൂരിലെ കർഷകർ. ജില്ലയിലെ ആറ്‌ പേരാണ്‌ കർഷക–ശാസ്‌ത്രജ്ഞ മുഖാമുഖത്തിൽ പങ്കെടുത്തത്‌. 

 കാലാവസ്ഥാ വ്യതിയാനകാലത്ത്‌ സുസ്ഥിര കാർഷിക വികസന ലക്ഷ്യം കൈവരിക്കാനായുള്ള ശിൽപ്പശാലയിലാണ്‌ കർഷകർ അനുഭവം പങ്കുവച്ചത്‌. ആയിരത്തിലധികം ഗവേഷകർ പങ്കെടുക്കുന്ന ശിൽപ്പശാലയിൽ ജില്ലയിലെ കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും അവതരിപ്പിച്ചു.

 മയ്യിൽ നെല്ലുൽപാദക കമ്പനിയുടെ സി.ഇ.ഒ യു .  ജനാർദനൻ, കുറ്റ്യാട്ടൂർ മാങ്ങ ഉൽപ്പാദക കമ്പനി ചെയർമാൻ വി.ഒ. പ്രഭാകരൻ, ഇരിട്ടി ഐക്കോക്ക് നാളികേര ഉൽപാദക കമ്പനി ചെയർമാൻ ശ്രീകുമാർ, മൺസൂൺ മഷ്റൂം സംരംഭകൻ രാഹുൽ ഗോവിന്ദ്, മികച്ച വനിതാ കർഷകയും സംരംഭകയുമായ സിമി, ബക്കളം പച്ചക്കറി ക്ലസ്റ്ററിന്റെ സ്ഥാപകനും ആന്തൂർ നഗരസഭ കൗൺസിലറുമായ മനോഹരൻ എന്നിവരാണ് കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. പി.  ജയരാജിനൊപ്പം കോൺഗ്രസിൽ പങ്കെടുത്തത്‌. 

 ദേശ സൂചിക പദവി നേടിയ കുറ്റ്യാട്ടൂർ മാങ്ങയുടെ മൂല്യവർധിത ഉൽപന്നങ്ങൾ, മയ്യിൽ നെല്ലുൽപാദക കമ്പനിയുടെ ഗാബ അരി, അവൽ, ഇരിട്ടി ഐക്കോക്ക് നാളികേര ഉൽപാദക കമ്പനിയുടെ വെളിച്ചെണ്ണ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളും പ്രദർശിപ്പിച്ചു. 

 150 കർഷക പ്രമുഖർ പങ്കെടുത്ത മുഖാമുഖത്തിന് കേന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഭാരതിയ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലുമായ ഡോ. ഹിമാൻഷു പതക്, ഝാൻസിയിലെ റാണി ലക്ഷ്മി ഭായ് കേന്ദ്ര കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. എ.കെ. സിങ്‌, തമിഴ്നാട് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ഗീതാലക്ഷ്മി എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!