ജറുസലേം: ഗാസയിലെ ആരോഗ്യസംവിധാനം താമസിയാതെ നിശ്ചലമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ആരോഗ്യമേഖല പൂര്‍ണമായും തകര്‍ച്ചയുടെ മുനമ്പിലെത്തിനില്‍ക്കുകയാണെന്ന് ലോകാരോഗ്യസംഘടന (WHO) വ്യാഴാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യവിഭവങ്ങളുടെ വിതരണത്തില്‍ ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയിലെ ആരോഗ്യകേന്ദ്രങ്ങള്‍ ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കത്താണെന്ന് ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
പൂര്‍ണമായ ഉപരോധത്തെ മറികടന്ന് ജീവന്‍രക്ഷാ ആരോഗ്യസംവിധാനങ്ങളും മറ്റ് വിഭവങ്ങളും അടിയന്തരമായി ഗാസയിലെത്തിക്കാത്ത പക്ഷം വന്‍ദുരന്തമായിരിക്കും ഫലം. ഗാസ മുനമ്പിലെ ആരോഗ്യസംവിധാനം പാടെ തകര്‍ച്ചയുടെ വക്കിലാണുള്ളതെന്നും ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് വൈദ്യുതി അനുവദിച്ചിരിക്കുന്നത്, കരുതല്‍ ഇന്ധനശേഖരം തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി വിതണത്തില്‍ റേഷനിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത്യാഹിത സംവിധാനങ്ങള്‍ക്കുവേണ്ടി ജനറേറ്ററുകള്‍ ഉപയോഗിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത്യാഹിതവിഭാഗമുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
ഗുരുതരമായി പരിക്കേറ്റവര്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളവര്‍, ഇന്‍ക്യുബേറ്റര്‍ ആവശ്യമുള്ള നവജാതശിശുക്കള്‍ തുടങ്ങിയ അതിദുര്‍ബലരായ രോഗികള്‍ക്ക് അതിജീവനം അസാധ്യമായി മാറിയേക്കാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഗാസയില്‍ തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ മൂലം പരിക്കേല്‍ക്കുന്നവരുടേയും ജീവന്‍ നഷ്ടപ്പെടുന്നവരുടേയും എണ്ണം വര്‍ധിക്കുകയാണ്.
ആരോഗ്യകേന്ദ്രങ്ങള്‍ക്കുമുന്നില്‍ ചികിത്സ തേടിയുള്ള ജനങ്ങളുടെ തിരക്കാണ്. മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും ദൗര്‍ലഭ്യം പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും രോഗികളേയും പരിക്കേറ്റവരേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനുള്ള സാഹചര്യവും സംവിധാനവും തകരാറിലായിരിക്കുകയാണെന്നും സംഘടന പറയുന്നു.
പ്രവര്‍ത്തനം നടക്കുന്ന ആശുപത്രികളില്‍ അത്യാഹിതചികിത്സയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ അവശ്യ ആരോഗ്യപരിപാലന സേവനങ്ങളായ പ്രസവചികിത്സ, അര്‍ബുദചികിത്സ, ഹൃദയസംബന്ധിയായ രോഗങ്ങളുടെ ചികിത്സ, അണുബാധക്കുള്ള ചികിത്സ തുടങ്ങിയവയെല്ലാം താറുമാറായിരിക്കുകയാണ്. ശക്തമായ വ്യോമാക്രമണങ്ങള്‍ മൂലം ഗാസയിലെ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്നതായും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
ഗാസയിലെ ആരോഗ്യമേഖലയില്‍ മാത്രം 34 ആക്രമണങ്ങള്‍ ഉണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന 11 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും 16 പേര്‍ക്ക് പരിക്കേറ്റു. 19 ചികിത്സാസംവിധാനങ്ങളും 20 ആംബുലന്‍സുകള്‍ നശിച്ചതായും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആരോഗ്യമേഖലയിലേക്കുള്ള ചികിത്സാ ഉപകരണങ്ങളുടേയും മരുന്നുകളുടേയും വിതരണം, ഭക്ഷണം, ശുദ്ധജലം, മറ്റ് വിഭവങ്ങള്‍ എന്നിവ അടിയന്തരമായി ഗാസയിലെത്തിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ സാധിക്കുകയില്ലെന്നും നഷ്ടമാകുന്ന ഓരോ നിമിഷവും കൂടുതല്‍ ജീവനുകള്‍ അപായപ്പെടുത്തുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.
ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യമേഖലയേയും ജനതയേയും ഹമാസിന്റെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. ചികിത്സാസാമഗ്രികളുടേയും മറ്റ് അവശ്യവിഭവങ്ങളുടേയും വിതരണത്തിനും രോഗികളേയും പരിക്കേറ്റവരേയും ഒഴിപ്പിക്കുന്നതിനായി അടിയന്തരമായി പ്രത്യേക ഇടനാഴി സജ്ജമാക്കണമെന്നും ആരോഗ്യമേഖലയ്ക്ക് മുൻഗണന നൽകണമെന്നും ലോകാരോഗ്യസംഘടന അഭ്യര്‍ഥിച്ചു.
ട്രോമാകെയര്‍, മറ്റ് അവശ്യചികിത്സാസാമഗ്രികള്‍ എന്നിവ അടിയന്തരമായി ദുബായിലെ ലോജിസ്റ്റിക് ഹബ് വഴി ഗാസയിലെത്തിക്കാന്‍ ഒരുക്കമാണെന്നും ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. മറ്റ് പങ്കാളികളുമായി സംയോജിച്ച് റഫാ ക്രോസിങ്ങിലൂടെ (ഗാസയില്‍ നിന്ന് ഈജിപ്തിലേക്കുള്ള കവാടം) ഇവ ഗാസയിലെത്തുന്നത് ഉറപ്പാക്കാനാകും.
ഇതിന് റഫാ ക്രോസിങ്ങിലൂടെയുള്ള അടിയന്തര പ്രവേശനാനുമതി ലഭിക്കേണ്ടതുണ്ട്. അത് സാധ്യമാകുന്നപക്ഷം തങ്ങളെ കൂടാതെ മറ്റുസന്നദ്ധസംഘടനകള്‍ക്കും ജീവന്‍രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാമെന്നും ലോകാരോഗ്യസംഘടന പ്രത്യാശ പ്രകടിപ്പിച്ചു.
ദുബായിൽ സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കി അധികൃതർ. വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ സന്ദർശകന്റെ ഹോട്ടൽ ബുക്കിങ്ങിന്റെയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കനാമെന്നാണ് നിർദ്ദേശം. നേരത്തെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ എമിഗ്രേഷൻ വെബ് സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ഇത്തരം രേഖകൾ സമർപ്പിക്കാൻ വൈകുന്നത് ഇല്ലെങ്കിൽ വിസാ നടപടികൾ പൂർത്തിയാക്കുന്നത് കാലതാമസം ഉണ്ടാക്കുന്നതായും അധികൃതർ അറിയിച്ചു. ഒരു മാസത്തെ വിസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ് ക്രഡിറ്റ് കാർഡുകളിലായോ കൈവശം വയ്ക്കണം. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള. 76 വര്‍ഷത്തിലെറെയായി ഡല്‍ഹിയിലായിരുന്നു താമസം. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ നിരവധി കൃതികളുടെ കര്‍ത്താവുമാണ്.
1924-ല്‍ വൈക്കം ഓംചേരി വീട്ടില്‍ ജനിച്ച അദ്ദേഹം 1951-ല്‍ ആണ് ആകാശവാണി ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തിയത്. മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍ ചുമതലകളും ഏറ്റെടുത്തു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
1924 ഫെബ്രുവരി ഒന്നിന് വൈക്കത്തെ ഓംചേരിയില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ പരേതയായ ലീലാ ഓംചേരിയാണ് ഭാര്യ. മകന്‍ എസ്.ഡി. ഓംചേരി (ശ്രീദീപ് ഓംചേരി). മകള്‍ ദീപ്തി ഓംചേരി. വൈക്കം അയ്യര്‍കുളങ്ങര ഗവ. യു.പി.സ്‌കൂള്‍, ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം.
അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റി, യു.എസ്.എ. മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണം. ഓള്‍ ഇന്ത്യ റേഡിയോ, ഡി.എ.വി.പി., സെന്‍സേഴ്സ് ഓഫീസ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി, ഉസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായി. സമസ്തകേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് – നാടകം (1972), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്നാ അവാര്‍ഡ് (2012), നാട്യഗൃഹ അവാര്‍ഡ് (2014), കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്‌കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്.
ദില്ലി:ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. കേസിൻ്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി വിധിയെന്നും വിധിയിൽ ഇടപെടാനില്ലെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മുന്‍ഭാര്യ നൽകിയ ക്രിമിനൽ കേസിൽ കുറ്റവിമുക്തനാക്കിയ യുവാവ് ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 2023ലെ ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.