കൂടാളിയിലെ കുട്ടികൾ ചെസ് കളിക്കും

മട്ടന്നൂര്‍: കൂടാളി പഞ്ചായത്തിലെ മുഴുവൻ സ്‌കൂൾ വിദ്യാർഥികളും ഇനി ചെസ് കളിക്കും. ലഹരിക്കെതിരെ ചെസ് എന്ന സന്ദേശമുയർത്തി പഞ്ചായത്തിലെ 6880 വിദ്യാർഥികളെയും ശാസ്ത്രീയമായി ചെസ് പരിശീലിപ്പിക്കുന്ന പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. രാവിലെ പത്തിന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ശിൽപ്പശാല പ്രസിഡന്റ് പി. കെ. ഷൈമ ഉദ്ഘാടനംചെയ്യും.
എൽ.പിമുതൽ ഹയർ സെക്കന്‍ഡറിവരെയുള്ള 15 സ്‌കൂളുകളിലെ 207 ക്ലാസ് മുറികളിലും ചെസ് ബോർഡ് നൽകും. പഠന സമയം നഷ്ടമാകാതെയാണ് പരിശീലനം. ജില്ലാ ചെസ് അസോസിയേഷൻ സഹകരണത്തോടെ ഓരോ സ്‌കൂളിൽനിന്നും തെരഞ്ഞെടുത്ത രണ്ട് വീതം അധ്യാപകരെയും വിദ്യാർഥികളെയും ചെസിന്റെ ശാസ്ത്രീയ പാഠങ്ങൾ പരിശീലിപ്പിക്കും.
ഇവരോടൊപ്പം ഓരോ സ്കൂളിലെയും ചെസ് അറിയുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ മുഴുവൻ വിദ്യാർഥികളെയും പരിശീലിപ്പിക്കും. ജനുവരി, ഫെബ്രുവരിയോടെ മുഴുവന്‍ പേരെയും പങ്കെടുപ്പിച്ച് മെഗാ ചെസ് മത്സരം നടത്തും. മത്സരത്തിൽനിന്ന് പഞ്ചായത്തിലെ മികച്ച ചെസ് ചാമ്പ്യനെയും കണ്ടെത്തും.
അടുത്ത വർഷം മറ്റ് വിദ്യാർഥികളെയും യുവജനങ്ങളെയും ചെസ് പരിശീലിപ്പിക്കും. തുടർന്ന് ക്ലബ്ബുകൾ, വായനശാലകൾ, മറ്റ് സാംസ്‌കാരിക സംഘടനകൾ എന്നിവരുടെ സഹായത്തോടെ മുഴുവനാളുകളെയും ചെസ് പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ പറഞ്ഞു.