അക്രമം വിളിച്ചറിയിച്ച യുവാവിന് മര്‍ദനം; സീനിയര്‍ സി.പി.ഓയ്ക്ക് സസ്‌പെന്‍ഷന്‍, കുടുക്കിയത് സി.സി.ടി.വി ദൃശ്യം

Share our post

തിരുവനന്തപുരം: രാത്രിയിൽ നടന്ന അക്രമം കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച യുവാവിനെ വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ വഞ്ചിയൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷിനെ കമ്മിഷണർ സി.നാഗരാജു സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു.

തിങ്കളാഴ്ച രാത്രിയിലാണ് ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് അസിസ്റ്റന്റ് കൊട്ടിയം സ്വദേശി സാനിഷിന് പോലീസ് മർദനമേറ്റത്. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ സാനിഷ് കവറടി ജങ്ഷനിൽ ഒരാളെ മറ്റൊരാൾ ക്രൂരമായി മർദിക്കുന്നതു കണ്ട് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.

രാത്രി പന്ത്രണ്ടരയോടെ വഞ്ചിയൂർ പോലീസ് സാനിഷിനെ ഫോൺ ചെയ്ത് കവറടി ജങ്ഷനിലെത്താൻ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ഇയാളെ പോലീസുകാർ അകാരണമായി മർദിച്ചെന്നാണ് പരാതി. ആശുപത്രിയിൽ പോയശേഷം വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴും പോലീസ് മോശമായി പെരുമാറി എന്നും സാനിഷ് കമ്മിഷണർ ഓഫീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതി പോലീസ് ആദ്യം നിഷേധിച്ചെങ്കിലും സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരാതിക്കാരൻ ഹാജരാക്കിയതോടെയാണ് പോലീസ് കുടുങ്ങിയത്. ഇയാളെ പോലീസുകാരൻ കഴുത്തിന് പിടിച്ച് തല ജീപ്പിൽ ഇടിക്കുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു.

എന്നാൽ, പരാതിക്കാരൻ ലഹരിയിലായിരുന്നുവെന്നാണ് വഞ്ചിയൂർ പോലീസ് പറയുന്നത്. കൺട്രോൾ റൂമിൽ വെറുതേ വിളിച്ചുപറഞ്ഞതാണെന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾ പോലീസുകാരെ അസഭ്യം പറഞ്ഞുവെന്നുമാണ് വഞ്ചിയൂർ പോലീസിന്റെ ഭാഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!