കെ.എസ്.ആർ.ടി.സി.യിൽ ഡെപ്യൂട്ടേഷൻ : ‘രക്ഷപ്പെടാൻ’ ജീവനക്കാർ

കണ്ണൂർ : കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മറ്റ് വകുപ്പുകളിലേക്ക് മാറാൻ ജീവനക്കാരുടെ തിരക്ക്. കണ്ണൂർ ജില്ലയിലെ ജീവനക്കാരിൽ 32 ശതമാനവും ബിവറേജസ് കോർപ്പറേഷനിലേക്കുള്ള ഡെപ്യൂട്ടേഷന് അപേക്ഷിച്ചിരിക്കയാണ്.
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലെ 1162 ജീവനക്കാരിൽ 373 പേർ ഇതിനകം അപേക്ഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തിന് മുൻപ് അപേക്ഷകരുടെ പട്ടിക ചീഫ് ഓഫീസിലേക്ക് സമർപ്പിക്കാനാണ് ജില്ലാ അധികൃതർക്കുള്ള നിർദേശം.
സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ജീവനക്കാർക്ക് താത്പര്യമുണ്ടെങ്കിൽ മറ്റ് വകുപ്പുകളിലേക്ക് മാറാമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചത്. ഡെപ്യൂട്ടേഷൻ നൽകാൻ തീരുമാനിച്ച് കഴിഞ്ഞമാസം 21-ന് ഉത്തരവിറക്കിയിരുന്നു.
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ (കെ.എസ്.ബി.സി.) നിലവിൽ 263 ഒഴിവുകളുണ്ട്. കെ.എസ്.ബി.സി.യിലെ ഒഴിവിന്റെ പട്ടികയും കെ.എസ്.ആർ.ടി.സി. ഉത്തരവിനൊപ്പം പങ്കുവെച്ചിരുന്നു.
എൽ.ഡി. ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, ഷോപ്പ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഒരുവർഷത്തേക്കോ പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന് ഉദ്യോഗാർഥി വരുന്നതുവരെയോ ആണ് ഡെപ്യൂട്ടേഷൻ നൽകുക.
അപേക്ഷകരുടെ അർഹത പരിശോധിച്ച് അനുമതി നൽകാനാണ് തീരുമാനം. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, സൂപ്പർവൈസർ, മിനിസ്റ്റീരിയൽ വിഭാഗം എന്നിവയിൽനിന്നെല്ലാം അപേക്ഷകളെത്തി.
ഒഴിവുകളിൽ സൂപ്പർ ന്യൂമററി വിഭാഗത്തിലെ ജീവനക്കാരിൽനിന്നുള്ള അപേക്ഷകരുണ്ടെങ്കിൽ അവർക്കാണ് മുൻഗണന.
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. ഇതിനായി വി.ആർ.എസ്. നൽകുന്നതിനടക്കം നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇപ്പോൾ ഡെപ്യൂട്ടേഷൻ നൽകി ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനവും ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗം തന്നെ.