അശോകൻ ഇനി ‘അമ്മ’യുടെ തണലിൽ

ഉരുവച്ചാൽ : അശോകന്റെ ഉരുവച്ചാൽ ടൗണിലെ അലച്ചിലുകൾക്ക് തത്കാലം വിട. അശോകൻ ഇനി അമ്മ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ തണലിൽ. മാനസികപ്രശ്നങ്ങളാൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സാധുജനങ്ങളെ പുനരധിവസിക്കുന്ന കൂട്ടായ്മയാണ് മട്ടന്നൂരിലെ അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ്.
ഉരുവച്ചാൽ ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന മാലൂർ പൂവംപൊയിൽ സ്വദേശിയായ അശോകനെ നാട്ടുകാർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ‘അമ്മ’ വൊളന്റിയർമാരെത്തിയാണ് കൊണ്ടുപോയത്.
നേരത്തേ അശോകൻ ജനങ്ങൾക്ക് ഉപദ്രവകാരിയായിരുന്നില്ല. അടുത്തകാലത്ത് രോഗം മൂർച്ഛിച്ചതോടെയാണ് ജനങ്ങൾ പരാതി നൽകിയത്. വൊളന്റിയർമാർ അശോകനെ കുളിപ്പിച്ച് പുതുവസ്ത്രം ധരിപ്പിച്ചു. ക്ഷൗരം ചെയ്തു.
തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം അറയങ്ങാട് സ്നേഹഭവനിലെത്തിച്ചു. പ്രകാശൻ മട്ടന്നൂർ, പ്രജീഷ് കൊയിറ്റി, വൈഷ്ണവ്, ബൈജു ഉത്തിയൂർ, മനോജ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് അശോകനെ അറയങ്ങാട് സ്നേഹഭവനിലെത്തിച്ചത്.