ഒന്നാം നമ്പര്‍ ബ്രാന്‍ഡുകളായി സാംസങും വിവോയും, ആഡംബരത്തില്‍ ആപ്പിള്‍ മുന്നില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായി മാറി സാംസങും വിവോയും. ഗവേഷണ സ്ഥാപനമായ കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ട 2023 ലെ രണ്ടാം പാദ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. സാംസങിന് 18 ശതമാനവും വിവോയ്ക്ക് 17 ശതമാനവുമാണ് വിപണി വിഹിതം. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആകെ 3 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 5ജി സ്മാര്‍ട്‌ഫോണുകളുടെ വില്‍പന വര്‍ധിക്കുകയും ചെയ്തു (50%).
വളരെ കാലമായി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മുന്‍നിരയിലുള്ള ബ്രാന്‍ഡാണ് സാംസങ്. ഇടക്കാലത്ത് ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാനം ഷാവോമി കൈക്കലാക്കിയെങ്കിലും ഷാവോമി പിന്നോട്ട് പോയി. 18 ശതമാനം വിപണി വിഹിതമുള്ള സാംസങ് ആണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ്.
17 ശതമാനവുമായി വിവോ (ഐഖൂ ഉള്‍പ്പടെ) ആണ് രണ്ടാമതുള്ളത്. ഷാവോമി (പോകോ ഉള്‍പ്പടെ) മൂന്നാം സ്ഥാനത്താണ്. 15 ശതമാനമാണ് ഷാവോമിയുടെ വിപണി വിഹിതം. റിയല്‍മി നാലാം സ്ഥാനത്തും ഓപ്പോ അഞ്ചാം സ്ഥാനത്തുമാണ്. ഇവര്‍ക്ക് യഥാക്രമം 12 ശതമാനം, 11 ശതമാനം വിപണി വിഹിതമുണ്ട്.
റിയല്‍മി സി53 ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സ്മാര്‍ട്‌ഫോണ്‍. ആകെ കയറ്റുമതിയില്‍ 4 ശതമാനമാണ് റിയല്‍മി സി53 യുടേത്. മൂന്ന് ശതമാനവുമായി സാംസങ് ഗാലക്‌സി എ14 5ജി, വിവോ വി16, വിവോ ടി2എക്‌സ് 5ജി, വണ്‍ പ്ലസ് നോര്‍ഡ് സി ഇ 3 ലൈറ്റ് 5ജി സ്മാര്‍ട്‌ഫോണുകള്‍ തൊട്ടുപിന്നിലുണ്ട്. ഈ സ്മാര്‍ട്‌ഫോണുകളെല്ലാം തന്നെ 10000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയില്‍ വിലയുള്ളവയാണ്.
30000 രൂപയ്ക്ക് മികളില്‍ വിലയുള്ള പ്രീമിയം വിഭാഗത്തില്‍ 34 ശതമാനവുമായി സാംസങ് ആണ് മുന്നില്‍. എന്നാല്‍ 54000 രൂപയ്ക്ക് മുകളില്‍ വിലയുള്ള അള്‍ട്രാ പ്രീമിയം വിഭാഗത്തില്‍ 59 ശതമാനവുമായി ആപ്പിളാണ് മുന്നില്‍. ആപ്പിളിന്റെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ് ഇപ്പോള്‍ ഇന്ത്യ.