സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ ഇനി ജൻഡർ ന്യൂട്രൽ യൂണിഫോം

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാൻ തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സമഭാവനയുടെ നവകേരളസൃഷ്‌ടിക്ക് കാമ്പുറ്റ സംഭാവനകൾ നൽകുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരളത്തിലെ കലാലയങ്ങളെന്നും ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം ഒരുക്കിയതെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തിൽ വേണം കുട്ടികൾ പഠിക്കേണ്ടത്. വൈജ്ഞാനികസമൂഹത്തിലേക്ക് മാറുന്ന കേരളത്തിൽ ലിംഗസമത്വ ആശയം ഉന്നതവിദ്യാഭ്യാസ പ്രക്രിയയിൽ എല്ലാ തലങ്ങളിലും ഉൾച്ചേർക്കണം. സംസ്ഥാന സർക്കാരിന്റെ ഈ കാഴ്ചപ്പാടുകളുടെയും നിശ്ചയത്തിന്റെയും ഫലമാണ് ലിംഗ നിഷ്‌പക്ഷ യൂണിഫോം സംരംഭങ്ങൾ. ആൺ- പെൺ- ട്രാൻസ്‌ജൻഡർ വ്യത്യാസം കൂടാതെയുള്ള യൂണിഫോം, സ്‌ത്രീ-പുരുഷ സമതയുടെ കേരളത്തിലേക്കുള്ള പുരോഗമനപരമായ മാറ്റത്തിൽ ചരിത്രാദ്ധ്യായം കുറിക്കുന്നതാണ് – മന്ത്രി കുറിച്ചു.
ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ പദ്ധതി നടപ്പിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം 13 വെള്ളിയാഴ്‌ച രാവിലെ 11ന് ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനിയറിങ് ക്യാമ്പസിൽ വച്ച് മന്ത്രി നിർവ്വഹിക്കും.