അക്രമകാരികളായ നായകൾക്കായി ഷെൽട്ടർ ഹോം; മനുഷ്യാവകാശ കമ്മീഷന് തദ്ദേശ വകുപ്പിന്റെ ഉറപ്പ്

കണ്ണൂർ:എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അക്രമകാരികളായ നായ്ക്കളെ താത്കാലികമായി പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
തെരുവു നായ്ക്കളെ പിടി കൂടുന്നതിന് പ്രാഗല്ഭ്യമുള്ളവരുടെ അഭാവം തടസ്സമാകുന്നുണ്ടെന്നും അത് പരിഹരിക്കാൻ നായ്ക്കളെ പിടിക്കുന്നതിന് തയ്യാറായി വരുന്ന എല്ലാവർക്കും കണ്ണൂർ ജില്ലാ പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പരിശീലനം നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ചമ്പാട് വെസ്റ്റ് യു.പി. സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റഫാൻ റഹീസിനെ ഇക്കഴിഞ്ഞ ജൂൺ എട്ടിന് തെരുവു നായ്ക്കൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് കണ്ണൂർ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ മുറിവുകളിൽ മാംസം നിറയുന്നതിന് മൂന്നു നാലു മാസങ്ങൾ വേണ്ടി വരുമെന്നും ഇത് പൂർവ സ്ഥിതിയിലാകാത്ത പക്ഷം പ്ലാസ്റ്റിക് സർജറി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ലയിൽ പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്റർ മാത്രമാണ് പ്രവർത്തന ക്ഷമമെന്ന് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. പുതുതായിട്ട് എ.ബി.സി. സെന്ററുകൾ സ്ഥാപിക്കാൻ സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.
അക്രമകാരികളായ തെരുവു നായ്ക്കളെ കൊല്ലുന്നതിന് അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.അക്രമത്തിന് ഇരയായവർക്ക് നഷ്ടപരിഹാരത്തിനായി സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം രൂപീകരിക്കപ്പെട്ട മൂന്നംഗ സിരിജഗൻ കമ്മീറ്റിയെ സമീപിക്കാമെന്ന് കമ്മിഷൻ ഉത്തരവിലുണ്ട്. മുഹമ്മദ് റഫാൻ റഹീസിന്റെ മാതാവ് എൻ.പി.ഷാമില സമർപ്പിച്ച പരാതിയിലാണ് നടപടി.