കലോത്സവങ്ങൾക്ക് ഹരിത ചട്ടം നിർബന്ധം; ജില്ലാ സ്ക്വാഡ് മിന്നൽ പരിശോധന നടത്തും

കണ്ണൂർ :സ്കൂൾ തലം മുതൽ സംഘടിപ്പിക്കുന്ന കലോത്സവം, കായിക മേള തുടങ്ങിയ പൊതു പരിപാടികൾ പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തണമെന്ന് കർശന നിർദേശം. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ജില്ലാതല എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയതായും ജില്ലാ എൻഫോഴ്സ്‌മെന്റ് സെക്രട്ടേറിയറ്റ് അറിയിച്ചു.
ഇത്തരം പരിപാടികൾക്ക് വേണ്ടി സംഘാടക സമിതി ചേരുമ്പോൾ ഗ്രീൻ പ്രോട്ടക്കോൾ കമ്മിറ്റി പ്രത്യേകം രൂപവത്‌കരിച്ച് ചുമതല നൽകേണ്ടതാണ്. ഹരിത ചട്ടത്തിന് വിരുദ്ധമായി ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ, അത് ജൈവ ഉത്‌പന്നമെന്ന പേരിൽ വിപണാനുമതി ഉള്ളതായാൽ പോലും 10,000 രൂപയിൽ കുറയാത്ത തുക സംഘാടക സമിതിക്ക് പിഴ ചുമത്താവുന്നതാണ്.
പരിപാടികൾക്ക് ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികൾ തുണി, റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ തുടങ്ങിയ വസ്തുക്കളിൽ മാത്രമേ തയ്യാറാക്കാൻ പാടുള്ളൂ.