വിദേശ മദ്യത്തിന്‍റെ വില്‍പന നിറുത്തിവയ്ക്കാന്‍ ബെവ്‌കോ ജനറല്‍ മാനേജറുടെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തില്‍ വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ വില്‍പന നിറുത്തിവയ്ക്കാന്‍ ബെവ്‌കോ ജനറല്‍ മാനേജറുടെ ഉത്തരവ്. ഒക്ടോബര്‍ രണ്ട് മുതല്‍ സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ വിലയില്‍ ഒന്‍പത് ശതമാനം വര്‍ധന വരുത്തിയിരുന്നു.
പുതുക്കിയ വില രേഖപ്പെടുത്തിയ ലേബല്‍ ഒട്ടിക്കുന്നതു വരെ നിലവിലുള്ള വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ സ്റ്റോക്ക് വില്‍ക്കണ്ട എന്നാണ് ബെവ്‌കോ മാനേജര്‍മാര്‍ക്ക് നല്‍കിയ ഉത്തരവിലുള്ളത്.സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ എത്തിയ എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തിയ ലേബല്‍ ഒട്ടിക്കണമെന്നാണ് നിര്‍ദേശം.
നിലവിലുള്ള എല്ലാ ബോട്ടിലുകളിലും ഇത് ഒട്ടിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വില്‍പന പാടുള്ളൂ. വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ വെയര്‍ഹൗസ് മാര്‍ജിന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ബെവ്‌കോ സെപ്റ്റംബറില്‍ തീരുമാനമെടുത്തിരുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍ക്കുമ്പോള്‍ വെയര്‍ഹൗസ് മാര്‍ജിനായി ഒന്‍പത് ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനം തുകയുമാണ് ബെവ്‌കോയ്ക്ക് ലഭിക്കുന്നത്.
ഇതു കൂടാതെയാണ് വിദേശ നിര്‍മിത വിദേശ മദ്യത്തിനും മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ ബെവ്‌കോ തീരുമാനമെടുത്തത്. മുന്‍പ് വിദേശ നിര്‍മിത വിദേശ മദ്യത്തിന് അഞ്ച് ശതമാനം വെയര്‍ ഹൗസ് മാര്‍ജിനാണ് ഏര്‍പ്പെടുത്തിയിരുന്നത്.