കെഎസ്ആർടിസിയിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം , ഓൺലൈനായി ഭക്ഷണവും
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്രക്കാർക്ക് കുപ്പിവെള്ളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. പുറത്ത് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം നൽകുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാർക്ക് ബസ്സിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കും ഒപ്പം ജീവനക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും ഇൻസെന്റീവ് ആയി നൽകും. ഈ സംവിധാനം അധികം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാർക്ക് വെള്ളം സൂക്ഷിക്കാൻ ബസിനുള്ളിൽ പ്രത്യേക ഹോൾഡറുകളും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയിൽ ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് അനുമതി നൽകിയിട്ടുമുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ ലഭ്യമാക്കും. മാലിന്യങ്ങൾ സമയാധിഷ്ഠിതമായി നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും കെഎസ്ആർടിസി ഒരുക്കും. – മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
