വയറ്റിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ മാറ്റാൻ രാവിലെ ഇത് ശീലമാക്കാം
ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ജീരകം. രാവിലെ വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഇത് മെറ്റബോളിസം കൂട്ടുന്നു, രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കുന്നു, ചർമ്മത്തിനും മുടിക്കും ഗുണകരമാണ്, വയറു വീർക്കൽ, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കുന്നു, വിശപ്പ് കുറയ്ക്കുന്നു, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ആൻ്റി ഓക്സിഡൻ്റുകളാലും വിറ്റാമിനുകളാലും മിനറൽസിനാലും സമ്പന്നമാണ് ജീരകവെള്ളം. ജീരകവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ഉണ്ടാകുന്നത്.

തടി കുറയ്ക്കണം എന്നുള്ളവർക്കും വയറ്റിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ അലട്ടുന്നവർക്കും വയറുവേദന ശമിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജീരകം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒഴിഞ്ഞ വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാനുള്ള ദിനചര്യ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
എങ്ങനെ തയാറാക്കാം
രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ട് കുതിർത്ത് വെക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാം, അല്ലെങ്കിൽ ജീരകം തിളപ്പിച്ച് ഊറ്റി കുടിക്കാവുന്നതാണ്.
ജീരക വെള്ളത്തിൽ നാരങ്ങനീര് ചേർത്ത് കഴിക്കാമോ?
രണ്ടിലും നിരവധി ഗുണങ്ങളാണ് ഉള്ളത്. അതുകൊണ്ടു തന്നെ ജീരകവും നാരങ്ങയും ഒരുമിച്ച് കഴിഞ്ഞാൽ അത് ശരീരത്തിന് മികച്ച ഒരുപാട് ഗുണങ്ങളാണ് നൽകുന്നത്. നാരങ്ങയും ജീരകവും ഉപയോഗിച്ച് എങ്ങനെ ഒരു ഹെൽത്തി ഡ്രിങ്ക് ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ജീരകം – ഒരു ടീസ്പൂൺ

ഒരു ഗ്ലാസ് വെള്ളം
അര കഷണം നാരങ്ങ
ഒരു ടീസ്പൂൺ തേൻ
ഉണ്ടാക്കുന്ന വിധം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ട് ഒരു രാത്രി മുഴുവൻ വെയ്ക്കുക. രാവിലെ ജീരകത്തോടു കൂടി തന്നെ ആ വെള്ളം അഞ്ചു മിനിറ്റ് നേരം തിളപ്പിക്കുക. വെള്ളത്തിന് ഗോൾഡൻ നിറം വരുന്നതു വരെ തിളപ്പിക്കാം.
അതിനു ശേഷം വെള്ളം ഒരു ഗ്ലാസിലേക്ക് മാറ്റി തണുപ്പിക്കാനായി വെയ്ക്കുക. ചൂട് ചെറുതായി കുറഞ്ഞതിനു ശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേർത്ത് നന്നായി ഇളക്കുക. മധുരം ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് ചെറു ചൂടോടെ കുടിക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഉത്തമം.
