സംസ്ഥാനത്തെ ബാറുകളിൽ ‘ഓപ്പറേഷൻ ബാർ കോഡ്’;വ്യാപക ക്രമക്കേടുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ അഴിമതിയും നിയമലംഘനങ്ങളും കണ്ടെത്തി.
‘ഓപ്പറേഷൻ ബാർ കോഡ്’ എന്ന പേരിൽ തിങ്കളാഴ്ച നടത്തിയ ഈ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥരും ബാർ ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് ബാറുകളിൽ അബ്കാരി നിയമങ്ങൾ ലംഘിച്ച് “സെക്കന്റ്സ്” എന്നറിയപ്പെടുന്ന വ്യാജ മദ്യവിൽപന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു നടപടി. ഇത്തരത്തിലുള്ള നിയമവിരുദ്ധ വിൽപനകൾ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും വിജിലൻസ് കണ്ടെത്തി.
പരിശോധനകളിൽ നിന്നും നടപടികളിൽ നിന്നും ഒഴിവാക്കി കൊടുക്കുന്നതിനായി ചില എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലിയും മദ്യവും കൈപ്പറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ യു.പി.ഐ അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയിൽ 3,51,000/- രൂപ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ പയ്യന്നൂരിലെ ഒരു ബാറിൽ ബിവറേജസ് കോർപ്പറേഷനിൽ നിന്ന് അനുവദിച്ച മദ്യം അവിടുത്തെ വിൽപനയ്ക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തി.
ബാറുകളിൽ ഉപയോഗിക്കുന്ന പെഗ് മെഷറുകളുടെ അളവിൽ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് 25,000/- രൂപ പിഴ ചുമത്തി. ആലപ്പുഴ ബിവറേജസ് വെയർഹൗസിൽ നിന്ന് തൈക്കാട്ടുശ്ശേരിയിലെ ഒരു ബാറിലേക്ക് അനുവദിച്ച മദ്യം കാസർഗോഡുള്ള മറ്റൊരു ബാറിൽ വിൽപന നടത്തുന്നതായും വിജിലൻസ് സംഘം കണ്ടെത്തി.
ബാറുടമകളുടെ കൃത്രിമത്വത്തിന് കൂട്ടുനിൽക്കുകയും പകരം പ്രതിഫലം കൈപ്പറ്റുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടിയെ വിജിലൻസ് ഗൗരവമായാണ് കാണുന്നത്. ക്രമക്കേടുകളിൽ പങ്കാളികളായ ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് വരും ദിവസങ്ങളിലും വിശദമായ പരിശോധന തുടരുമെന്ന് വിജിലൻസ് അറിയിച്ചു.
