‘ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി

Share our post

തിരുവനന്തപുരം∙ ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ശബരീനാഥൻ ഉന്നയിച്ച ആരോപണത്തിനെതിരെ വി.കെ.പ്രശാന്ത് എംഎൽഎ. ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടിയാണെന്ന് വി.കെ.പ്രശാന്ത് പ്രതികരിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ ആളുകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. കെ.എസ്. ശബരിനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും താന്‍ കേള്‍ക്കില്ലെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.

സ്വന്തം മണ്ഡ‍ലത്തൽ എംഎൽഎ ഹോസ്റ്റൽ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരിൽ രണ്ട് ഓഫിസ് മുറി അനുവദിച്ചിട്ടും എന്തിന് ശാസ്തമംഗലത്തെ നഗരസഭ കെട്ടിടത്തിൽ ഓഫിസ് മുറി തുറന്നിരിക്കുന്നുവെന്ന് ശബരീനാഥൻ നേരത്തെ ചോദിച്ചിരുന്നു. പ്രശാന്തും ബിജെപി കൗൺസിലർ‌ ആർ.ശ്രീലേഖയും തമ്മിൽ ഓഫിസ് മുറിയുെട പേരിൽ തർക്കം നടക്കുന്നതിനിടെയാണ് പ്രശാന്തിനെതിരെ വിമർശനവുമായി ശബരീനാഥൻ കൂടി രംഗത്തെത്തിയത്.

‘‘നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫിസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്? ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം’’ – ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!