ഭർത്താവിന് വൃക്ക പകുത്തുനൽകി, ഉപജീവനത്തിന് കട; ഷീജാ ഷാനവാസ് ഇനി പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ്

Share our post

കുടുംബത്തിന്റെ ഉപജീവനമാർഗമായ കുണ്ടയം ‘ഫാത്തിമ സ്റ്റോഴ്സിൽ’നിന്ന് പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കസേരയിലെത്തുകയാണ് മൂലക്കട വെസ്റ്റ് വാർഡിൽനിന്ന് കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച ഷീജാ ഷാനവാസ്. 2010-2015ൽ മൂലക്കട വാർഡിനെ പ്രതിനിധാനംചെയ്ത് പഞ്ചായത്ത് അംഗമായിരുന്നു. 2020-ൽ കുണ്ടയം ഡിവിഷനിൽനിന്ന് വിജയിച്ച് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗമായി. ഇതിനിടെയാണ് കുടുംബത്തിന് ഇരുട്ടടിയായി ഭർത്താവ് ഷാനവാസിന്റെ ഇരുവൃക്കകളും പ്രവർത്തനരഹിതമായത്. ജീവൻ രക്ഷിക്കാൻ വൃക്കമാറ്റിവയ്ക്കുകയാണ് ഏക പോംവഴിയെന്നറിഞ്ഞതോടെ സ്വന്തം വൃക്കകളിലൊന്ന് ഭർത്താവിന് നൽകാൻ രണ്ട് പെൺകുട്ടികളുടെ അമ്മയായ ഷീജ തയ്യാറാകുകയായിരുന്നു. ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച തുക കണ്ടെത്താനാകാതെ വലഞ്ഞ സാധാരണ കുടുംബത്തിന് സുമനസ്സുകൾ തുണയായി.

വീടിനടുത്തുള്ള കടയിൽനിന്ന് അതിരാവിലെ തുടങ്ങും ഷീജയുടെ ഒരുദിവസം. വൃക്ക സ്വീകരിച്ചശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഭർത്താവ് കടയിലെത്തുമ്പോൾ ഷീജ വാർഡിലെത്തി ജനപ്രതിനിധിയെന്ന ഉത്തരവാദിത്വം നിർവഹിക്കും. ഇതിനിടെ സ്വന്തം വീട്ടിലെ ജോലിക്കും സമയം കണ്ടെത്തും. പ്രസിഡന്റായതോടെ ഭാരിച്ച ഉത്തരവാദിത്വമാണ് ഷീജാ ഷാനവാസിനെ കാത്തിരിക്കുന്നത്. ഷോപ്പിങ് മാൾ നിർമാണത്തിലൂടെ കോടികളുടെ കടക്കെണിയിലായ പഞ്ചായത്തിനെ കടംവീട്ടി പഴയപ്രതാപത്തിലേക്ക് എത്തിക്കുക എന്നത് വെല്ലുവിളിയായി സ്വീകരിക്കുന്നെന്ന് ഷീജാ ഷാനവാസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!