ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ പ്രതിഷേധം

Share our post

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ നടന്ന കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ. പ്രാർത്ഥനകൾ, കരോൾ ഗാനങ്ങൾ, സ്തുതിഗീതങ്ങൾ, ഡൽഹി ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥന എന്നിവ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു.

ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എക്‌സിലൂടെയും പ്രധാനമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു.

‘സമാധാനത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസ് എല്ലാവർക്കും സന്തോഷം നൽകട്ടെ. യേശുക്രിസ്തുവിന്റെ വചനങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം വർദ്ധിപ്പിക്കട്ടെ’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഇതിനിടെ പ്രധാനമന്ത്രി സന്ദർശനത്തിനെത്തുന്നതിന് മുമ്പായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ പ്രതിഷേധിച്ചു. വിഐപി സന്ദർശനത്തിന്റെ പേരിൽ വിശ്വാസികൾക്കുള്ള ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പള്ളിക്ക് മുന്നിൽ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാവിലെ മുതൽ വിശ്വാസികളെ പള്ളിയിലേക്ക് കയറ്റുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്രതിഷേധമുയർന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നും ആർക്കെങ്കിലും ബുദ്ധിമുട്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും രാജീവ് ചന്ദ്രശേഖർ പിന്നീട് പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!