പി രാജേഷ്‌ വധശ്രമക്കേസ്‌: ബിജെപി നേതാവ് സത്യപ്രതിജ്ഞക്കു മുമ്പ് തടവറയിൽ​

Share our post

തലശേരി: ​നഗരസഭാ ക‍ൗൺസിലറെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ നീതിയെത്തിയത്‌ 18 വർഷത്തിനുശേഷം. 2007 ഡിസംബർ ഏഴിന്‌ അർധരാത്രിയാണ്‌ ബോംബെറിഞ്ഞ്‌ ഭീകരത സൃഷ്ടിച്ചശേഷം വീടിന്റെ വാതിൽ തകർത്ത്‌ അകത്തുകടന്ന പ്രതികൾ തലശേരി നഗരസഭാ ക‍ൗൺസിലർ പി രാജേഷിനെയും സഹോദരൻ പി രഞ്ജിത്ത്‌, പിതൃസഹോദരി ചന്ദ്രമതി എന്നിവരെ കൂട്ടക്കൊല നടത്താൻ ശ്രമിച്ചത്‌. ശരീരമാസകലം വെട്ടേറ്റ രാജേഷ്‌ മരിച്ചെന്ന്‌ കരുതിയാണ്‌ ഉപേക്ഷിച്ചുപോയത്‌. അതിവേഗം വൈദ്യസഹായം ലഭിച്ചതിനാലാണ്‌ ജീവൻ രക്ഷിച്ചത്‌. രാജേഷിനെ ആക്രമിക്കുന്നത്‌ തടയാൻ ശ്രമിച്ചപ്പോഴാണ്‌ മറ്റു രണ്ടുപേർക്കും പരിക്കേറ്റത്‌. രാജേഷിന്റെ അച്ഛനും സിപിഐ എം പ്രവർത്തകനുമായ ലക്ഷ്‌മണനും അമ്മയും ഇ‍ൗ സമയം വീട്ടിലുണ്ടായിരുന്നില്ല. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊമ്മൽവയൽ വാർഡിൽ ബിജെപിയെ തോൽപ്പിച്ച്‌ സിപിഐ എം സ്ഥാനാർഥിയായ പി രാജേഷ്‌ 102 വോട്ടിന്‌ ജയിച്ചിരുന്നു. ഇതോടെയാണ്‌ ആർഎസ്‌എസ്‌ രാജേഷിനുനേരെ തിരിഞ്ഞത്‌. കേസില്‍ നഗരസഭ നിയുക്ത ക‍ൗൺസിലർ ഉൾപ്പെടെയുള്ള 10 ബിജെപി– ആർഎസ്‌എസ്‌ പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്. 36 വർഷം തടവും ആറു മാസം കഠിനതടവുമാണ് ശിക്ഷ. ഓരോ പ്രതിക്കും 1,08,000 രൂപ വീതം പിഴയും തലശേരി അഡീഷണൽ അസി. സെഷൻസ്‌ ജഡ്ജി എം ശ്രുതി വിധിച്ചു. പിഴയടച്ചാൽ പകുതി തുക പരിക്കേറ്റ രാജേഷിനും പകുതി തുക പരിക്കേറ്റ ജ്യേഷ്‌ഠൻ രഞ്ജിത്ത്‌, പിതൃസഹോദരി ചന്ദ്രമതി എന്നിവർക്കും നൽകണം. തലശേരി നഗരസഭ കൊമ്മൽവയൽ വാർഡ്‌ ബിജെപി നിയുക്ത ക‍ൗൺസിലർ മയിലാട്ടിൽ വീട്ടിൽ പ്രശാന്ത്‌ എന്ന ഉപ്പേട്ട പ്രശാന്ത്‌ (49), കൊമ്മൽവയലിലെ മഠത്തിൽതാഴെ രാധാകൃഷ്‌ണൻ (54), വയലളം ചെട്ടീന്റവിട പറന്പിൽ രാജശ്രീ ഭവനത്തിൽ രാധാകൃഷ്‌ണൻ (52), കൊമ്മൽവയൽ മയിലാട്ടിൽ ഹ‍ൗസിൽ പി വി സുരേഷ്‌ (50), മയിലാട്ടിൽ ഹ‍ൗസിൽ എൻ സി പ്രശോഭ്‌ (40), ജിജേഷ്‌ എന്ന ഉണ്ണി (42), മൂഴിക്കര കഴുങ്ങോറട്ടിയിൽ കെ സുധീഷ്‌ എന്ന മുത്തു (42), കൊമ്മൽവയൽ കടുന്പേരി ഹ‍ൗസിൽ പ്രജീഷ്‌ എന്ന പ്രജൂട്ടി (45), മുളിയിൽനട ഗോവിന്ദപുരത്തിൽ ഒ സി രൂപേഷ്‌, പാഴ്‌സിക്കുന്നിലെ പാറയിൽ മീത്തൽ മനോജ്‌ (40) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. കേസിൽ പതിനൊന്ന്‌ പ്രതികളായിരുന്നു. മാടപ്പീടിക കാട്ടിൽപറന്പത്ത്‌ മനോജ്‌ എന്ന പ്രതി വിചാരണക്കാലത്ത്‌ മരിച്ചു.

സത്യപ്രതിജ്ഞക്കു മുമ്പ് തടവറയിൽ

വധശ്രമത്തിൽ ഗുരുതര പരിക്കേറ്റ പി രഞ്ജിത്തും കേസിലെ പ്രധാന പ്രതിയായ ഉപ്പേട്ട പ്രശാന്തും തമ്മിലായിരുന്നു ഇത്തവണ ​തലശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ മത്സരം. ബിജെപിയുടെ സിറ്റിങ് സീറ്റിൽ 121 വോട്ടിനാണ്‌ പ്രശാന്ത്‌ ജയിച്ചത്‌. എന്നാൽ, വധശ്രമക്കേസിൽ കോടതിവിധി പ്രതിക്ക്‌ അനുകൂലമായില്ല. മുപ്പത്തിയാറര വർഷം തടവും പിഴയുമാണ്‌ നിയുക്ത ക‍ൗൺസിലർക്ക്‌ ശിക്ഷ. സത്യപ്രതിജ്ഞക്കുമുന്പ്‌ തടവറയ്‌ക്കുള്ളിലായി. പരിക്കേറ്റ രഞ്ജിത്തിന്റെ ഭാര്യയുടെ പരാതിയിലാണ്‌ പൊലീസ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!