സംസ്ഥാനത്തെ പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം പേരാവൂർ സ്വദേശിനി നവ്യ സുരേഷ്
പേരാവൂർ : ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം കണ്ണൂർ ജില്ലയിലെ പേരാവൂരിൽ. ജില്ലാ പഞ്ചായത്ത് പേരാവൂർ ഡിവിഷനിൽ നിന്ന് വിജയിച്ച എൽഡിഎഫ് പ്രതിനിധി നവ്യ സുരേഷാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം. 2003 ആഗസ്ത് 23ന് ജനിച്ച നവ്യക്ക് 22 വയസും നാല് മാസവും 24 ദിവസവുമാണ് പ്രായം.
യുഡിഎഫിൽ കോൺഗ്രസിലെ സജിത മോഹനനെ 1876 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നവ്യ സുരേഷ് ജേതാവായത്. നവ്യക്ക് 26,939 വോട്ടും സജിത മോഹനന് 25,063 വോട്ടും എൻഡിഎ പ്രതിനിധി ലതിക സുരേഷ് 7,099 വോട്ടുകളും നേടി.
കണ്ണൂർ എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ നവ്യ 2022-23 കാലയളവിൽ കോളേജ് യൂണിയൻ ചെയർ പേഴ്സണായിരുന്നു. നിലവിൽ കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ എംഎ ജേണലിസം അവസാന വർഷ വിദ്യാർഥിനിയാണ്. നിലവിൽ എസ്‌എഫ്‌ഐ പേരാവൂർ ഏരിയാ ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ പേരാവൂർ സൗത്ത് മേഖലാ വൈസ് പ്രസിഡന്റുമാണ്.
പേരാവൂർ എഎസ് നഗറിലെ ടി. കെ. സുരേഷ് ബാബുവിന്റെയും വി.ഡി രാജിയുടെയും മകളാണ്. സഹോദരി: നയന സുരേഷ്.
