അഞ്ച് രാജ്യങ്ങളിലേക്കു കൂടി യാത്രാവിലക്ക് നീട്ടി ട്രംപ്
വാഷിങ്ടൺ : അഞ്ച് രാജ്യങ്ങളിലേക്കു കൂടി യാത്രാ വിലക്ക് നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില രാജ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സിറിയ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ എന്നിവയാണ് അഞ്ച് രാജ്യങ്ങൾ. പലസ്തീൻ അതോറിറ്റി നൽകുന്ന യാത്രാ രേഖകളുള്ള ആളുകൾ യുഎസിലേക്ക് യാത്ര ചെയ്യുന്നതും പൂർണമായും വിലക്കി. രണ്ട് നാഷണൽ ഗാർഡുകൾ വെടിയേറ്റുമരിച്ച സംഭവത്തിൽ അഫ്ഗാൻ പൗരൻ പ്രതിയാണെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നീട്ടിയത്.
ജൂണിൽ ട്രംപ് 12 രാജ്യങ്ങളിലെ പൗരന്മാർ അമേരിക്ക സന്ദർശിക്കുന്നത് വിലക്കുമെന്നും മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, കോട്ട് ഡി ഐവയർ, ഡൊമിനിക്ക, ഗാബൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ എന്നിങ്ങനെ 15 രാജ്യങ്ങൾക്ക് കൂടി പിന്നീട് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
