കുന്നത്തൂർപാടി തിരുവപ്പന ഉത്സവത്തിന് ഇന്ന് വിളക്ക് തെളിയും
ശ്രീകണ്ഠപുരം: കുന്നത്തൂർ പാടിയിൽ ഒരു മാസത്തെ തിരുവപ്പന ഉത്സവത്തിന് ബുധനാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വച്ച ശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടക്കും. കളിക്കപ്പാട്ടോടെ ഇരുവശത്തും ഓടച്ചൂട്ടു പിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കരക്കാട്ടിടം വാണവർ എസ് കെ കുഞ്ഞിരാമൻ നായനാർ, തന്ത്രി പേർക്കുളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിക്കും.കോമരവും ചന്തനും മടപ്പുരക്കുള്ളിൽ പൈങ്കുറ്റി വച്ചശേഷം കൊല്ലൻ കങ്കാണി അറയിൽ വിളക്ക് തെളിക്കുന്നതോടെ ഉത്സവ ചടങ്ങുകൾ തുടങ്ങും. ഉത്സവം അവസാനിക്കും വരെ കങ്കാണിയറയിൽ വിളക്ക് കെടാതെ സൂക്ഷിക്കുമെന്ന പ്രത്യേകതയുമുണ്ട്. ആദ്യ ദിനം മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. ഉത്സവദിനങ്ങളിൽ വൈകിട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി 9.30-ന് തിരുവപ്പനയും ഉണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ജനുവരി 16-ന് ഉത്സവം സമാപിക്കും.
