രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കണം:പരാതിയുമായി അതീജീവിത

Share our post

തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തിന് പരാതിയുമായി അതീജീവിത. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ പൊലീസില്‍ ഹാജരാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാര്‍ട്ടിന്‍ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. പരാതിയില്‍ ഉടന്‍ പൊലീസ് കേസെടുക്കും. കേസില്‍ മാര്‍ട്ടിന്‍ അടക്കമുള്ള ആറ് പ്രതികളെ 20 വര്‍ഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്റെ വീഡിയോയ്‌ക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. നടിയുടെ പേര് അടക്കം വെളിപ്പെടുത്തിയാണ് മാര്‍ട്ടിന്‍ സമൂഹമാധ്യങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചത്. ഇക്കാര്യം പരിശോധിച്ച് ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!