റഷ്യൻ പ്രതിരോധമേഖലയിലും ഇനി കെൽട്രോൺ കൈയൊപ്പ്
തിരുവനന്തപുരം: റഷ്യൻ പ്രതിരോധ മേഖലകളിൽ ഇനി രാജ്യത്തിന്റെ തന്നെ അഭിമാനമായ കെൽട്രോണിന്റെ കൈയൊപ്പ്. ഇൻഡോ– റഷ്യൻ മിലിറ്ററി സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി റഷ്യയിലെ പ്രമുഖ ഉൽപ്പന്ന നിർമാതാക്കളായ അഗാറ്റ്, സല്യൂട്ട് എന്നീ കമ്പനികളുമായി കെൽട്രോൺ സഹകരിക്കും. റഡാറുകൾ, ഫയർ കൺട്രോൾ സിസ്റ്റം, കൊമേഴ്സ്യൽ നാവിഗേഷൻ സിസ്റ്റം എന്നിവ നിർമിക്കുന്ന കമ്പനികളാണ് കെൽട്രോണുമായി കൈകോർക്കുക. ഇവരുടെ വിവിധ ഉപകരണങ്ങളിൽ പവർ സപ്ലൈസ്, ഡിസിഡിസി കൺവർട്ടർ, സിഗ്നൽ പ്രോസസിങ് മൊഡ്യൂളുകൾ എന്നിവ കെൽട്രോൺ നിർമിക്കും. ഇത് സംബന്ധിച്ച കരാറിൽ മൂന്ന് മാസത്തിനുള്ളിൽ ഒപ്പുവയ്ക്കും. അഗാറ്റ്, സല്യൂട്ട് എന്നീ കമ്പനികളിലെ പ്രതിനിധികൾ കരകുളത്തെ കെൽട്രോൺ എക്യുപ്‌മെന്റ് കോംപ്ലക്സും അരൂരിലെ കെൽട്രോൺ കൺട്രോൾസും സന്ദർശിച്ചിരുന്നു. അഗാറ്റിൽനിന്ന് ഫോറിൻ സെയിൽസ് ഡയറക്ടറായ ശ്രീ ഡെനിസ് കോസ്റ്റിക്കും സല്യൂട്ടിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറലായ എ ഗർസോവുമാണ് സംഘത്തിന് നേതൃത്വം നൽകിയത്. മന്ത്രി പി രാജീവ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഫ്, കെൽട്രോൺ മാനേജിങ് ഡയറക്ടർ ശ്രീകുമാർ നായർ തുടങ്ങിയവരുമായി പ്രതിനിധികൾ ചർച്ച ചെയ്തതിനെ തുടർന്നാണ് തീരുമാനം.
