കേരള സ്റ്റാർട്ടപ്പുകൾക്ക് 1000 കോടിയുടെ യുഎഇ സഹായം; 9,000 കോടിയുടെ ജർമൻ നിക്ഷേപം
തിരുവനന്തപുരം: ജർമനിയിലെ അഞ്ച് സർവകലാശാലകളുടെ കൂട്ടായ്മയായ ‘നെക്-സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി’ സംസ്ഥാനത്ത് 9,000 കോടി രൂപയുടെ നിക്ഷേപം നടത്തും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും കേരള സ്റ്റാർട്ടപ്പ് മിഷനും നെക്-സ്റ്റ് -ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയും ഇതിനായി ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്ത് 300 പുതിയ ‘ഡീപ് ടെക്’ സ്റ്റാർട്ടപ് ആരംഭിക്കാൻ പദ്ധതി സഹായകമാകും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് യുഎഇ സംരംഭകർ 1000 കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. ഗ്ലോബൽ അലയൻസിന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തിനകം പണംനൽകും. ആഗോള എൻആർഐ സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ പങ്കാളിത്തം നൽകുന്നതിനും സ്റ്റാർട്ടപ്പ് മിഷന്റെ ഫണ്ട്സ് -ഓഫ് -ഫണ്ട്സ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനുമാണ് സഹായം. ഹഡിൽ ഗ്ലോബൽ ഏഴാം പതിപ്പിന്റെ സമാപനച്ചടങ്ങിൽ സിഇഒ അനൂപ് അംബികയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഗ്ലോബൽ അലയൻസ് ആൻഡ് സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ് സ്ഥാപകൻ സിബി സുധാകരൻ, ഫൈൻടൂൾസ് ട്രേഡിങ് ആൻഡ് മരക്കാർ ഹോൾഡിങ്സ് മാനേജിങ് പാർട്ണർ അബ്ദുൾ ഗഫൂർ, ഗൾഫ് ഇസ്ലാമിക് ഇൻവെസ്റ്റ്മെന്റ്സിന്റെ പ്രൈവറ്റ് ഇക്വിറ്റി വൈസ് പ്രസിഡന്റ് പിയൂഷ് സുരാന, ഷാർജ അസറ്റ് മാനേജ്മെന്റിന്റെ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ന്യൂ വെഞ്ച്വേഴ്സ് മേധാവി അഭിഷേക് നായർ എന്നിവരുടേതാണ് ധനസഹായം. നിലവിൽ 14,155 സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്തുള്ളത്. അതിൽ 7,600 എണ്ണത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. 2026ൽ 15,000 സംരംഭങ്ങളായിരുന്നു ലക്ഷ്യം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് സ്റ്റാർട്ടപ്പുകൾ പരിപാടിയിൽവച്ച് നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ക്രിങ്ക്, സി ഇലക്ട്രിക് ഓട്ടോമോട്ടീവ്, ഒപ്പം എന്നിവയാണ് നേട്ടം കരസ്ഥമാക്കിയത്. ജോലിസ്ഥലവും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കി കുടുംബങ്ങളെ ശാക്തീകരിക്കുന്ന നൂതന എഐ പ്ലാറ്റ്ഫോമാണ് ക്രിങ്ക്. ഡീപ്-ടെക് ഇവി സ്റ്റാർട്ടപ്പാണ് സി ഇലക്ട്രിക് ഓട്ടോമോട്ടീവ്. കേരളത്തിലെ ആദ്യ മാനസികാരോഗ്യ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഒപ്പം.
