അന്നനാളത്തിലെ അര്‍ബുദം പ്രതിരോധിക്കാന്‍ എംസിസിയില്‍ ചികിത്സ
തലശേരി: അന്നനാളത്തിലെ അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ചികിത്സയായ റിജിഡ് ബ്രോങ്കോസ്‌കോപി ട്രെക്കിയല്‍ സ്റ്റെന്റിങ് മലബാർ കാൻസർ സെന്ററിൽ തുടങ്ങി. ഇൗ ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ട രോഗി ആശുപത്രി വിട്ടു. അന്നനാളത്തില്‍ അര്‍ബുദം ബാധിച്ച 67 വയസുള്ളയാൾക്ക് ശ്വാസക്കുഴലിലേക്കുകൂടി രോഗം ബാധിച്ചതുകാരണം ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. രോഗിയെ മയക്കിയശേഷം റിജിഡ് ബ്രോങ്കോസ്‌കോപി ഉപയോഗിച്ച് നൂതന ചികിത്സാരീതികളായ ക്രയോതെറാപ്പി, ആര്‍ഗണ്‍ പ്ലാസ്മാ കൊയാഗുലേഷന്‍ എന്നീ രീതികള്‍ ഉപയോഗിച്ച് ട്യൂമറിന്റെ വലിപ്പം കുറയ്‌ക്കുകയും ശ്വാസതടസം മാറ്റാന്‍ സ്റ്റെന്റിങ് ചെയ്യുകയുമായിരുന്നു. പൾമണോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ വി ധ്യാന, ആര്യ ഗോപി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. അനസ്‌തേഷ്യവിഭാഗം മേധാവി ജെഷ്മ, ജൂന, റെമി എന്നിവരും സര്‍ജറിയുടെ ഭാഗമായി.
