ട്രോളുകൾ വോട്ടായില്ല; എൽഡിഎഫ് സ്ഥാനാർഥി ‘മായാ വി’ തോറ്റു
കൂത്താട്ടുകുളം∙ കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ‘മായാവി’ തോറ്റു. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ ജയിച്ചു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ചെറുപ്പത്തിൽ ബാലരമയിലെ മായാവി കഥാപാത്രം എന്ന നിലയിലാണു കൂട്ടുകാർ മായാവി എന്നു വിളിച്ചിരുന്നത്. സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു… എന്നാലും കൊന്നിട്ട് പോടെയ്’ എന്നായിരുന്നു ട്രോളർമാർക്ക് മറുപടിയായി മായാ വി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്.
