നാൽപത്തിയാറ് കൊല്ലത്തിനുശേഷം ആറാം വാർഡിൽ ലളിതാദേവിയെ സിപിഎം വീഴ്ത്തി
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് നാൽപത്തിയാറ് കൊല്ലമായി പഞ്ചായത്തംഗമായി തുടരുന്ന കോൺഗ്രസ് അംഗത്തിന് ഇക്കുറി തോൽവി. വളപട്ടണം പഞ്ചായത്തിലെ ആറാം വാർഡ് കളരിവാതുക്കലിലെ കോൺഗ്രസ് സ്ഥാനാർഥി വി.കെ. ലളിതാദേവിയാണ് നാലര പതിറ്റാണ്ടിനുശേഷം പരാജയം നുണഞ്ഞത്. സിപിഎമ്മിലെ കെ.വി. പ്രശാന്ത് ബാബുവാണ് വിജയിച്ചത്. 2005-ൽ പട്ടികജാതി സംവരണമായപ്പോൾ ഒഴികെ 1979 മുതൽ മെമ്പറാണ് വി.കെ. ലളിതാദേവി. ഫ്ലെക്‌സ് ബോർഡും പോസ്റ്ററുകളുമില്ലാതെയാണ് 79-ാം വയസ്സിലും ലളിതാദേവി മത്സരിച്ചത്. ഒൻപത് വോട്ടുകൾക്കാണ് സിപിഎമ്മിലെ പ്രശാന്ത് ബാബു വിജയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസും ലീഗും മുന്നണിയില്ലാതെ പൊരുതിയപ്പോൾ കോൺഗ്രസിൽനിന്ന് ജയിച്ചത് ലളിതാദേവി മാത്രമാണ്. 67 വോട്ടായിരുന്നു ഭൂരിപക്ഷം. 1979-ലാണ് ലളിതാദേവി പഞ്ചായത്തങ്കത്തിനിറങ്ങുന്നത്. എട്ട് വാർഡിൽ ഒരെണ്ണം വനിതകൾക്കായി മാറ്റിവെച്ചതാണ് വഴിതുറന്നത്. ജനതാപാർട്ടിക്കാരാണ് ബിരുദധാരിയായ ലളിതാദേവിയെ ആദ്യം സമീപിച്ചത്. അവരോട് താത്പര്യമില്ലാത്തതുകൊണ്ട് വിസമ്മതമറിയിച്ചു. വിവരമറിഞ്ഞ് കോൺഗ്രസുകാർ പിന്നാലെയെത്തി. ഇന്ദിരാഗാന്ധിയോടുള്ള ഇഷ്ടംകൊണ്ട് മത്സരിക്കുകയായിരുന്നു. ഇത്തവണയുൾപ്പെടെ മൂന്നുപ്രാവശ്യം വാർഡ് ജനറൽ സീറ്റായിട്ടുണ്ട്. അപ്പോഴും സ്ഥാനാർഥിയും മെമ്പറും ലളിതാദേവിതന്നെയായിരുന്നു. ഇടയ്ക്ക് രണ്ടുതവണയായി അഞ്ചര വർഷം പ്രസിഡന്റായി. ഒരുതവണ വൈസ് പ്രസിഡന്റും. 2001-ൽ രാമഗുരു യുപി സ്കൂൾ പ്രഥമാധ്യാപികയായി വിരമിച്ചു.
