തദ്ദേശ സ്ഥാപനങ്ങളില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന്; സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

Share our post

തിരുവനന്തപുരം : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അവധിയായിട്ടും 21ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യ യോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുമ്പ് കൊണ്ടുവന്നത് ഇതു ലക്ഷ്യമിട്ടാണ്.

രാവിലെ 11ന് ഭരണസമിതി നിലവില്‍വന്ന ശേഷം ആദ്യയോഗം ചേരും. ഓരോ തദ്ദേശ സ്ഥാപനത്തിലും മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ അംഗത്തിന് മുന്നിലാണ് മറ്റുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുക. ആദ്യ യോഗത്തിലാണ് തദ്ദേശ സ്ഥാപന അധ്യക്ഷനെയും ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനുള്ള അജണ്ട സെക്രട്ടറി അവതരിപ്പിക്കേണ്ടത്.കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. തീരുമാനിക്കുന്ന ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും.

മൂന്നു ദിവസത്തെ നോട്ടിസ് നല്‍കിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തിരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പ് ഇതിനുശേഷമാകും നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി ആദ്യം നടക്കും.സാധാരണ നിലയില്‍ നവംബര്‍ ഒന്നിനാണ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരേണ്ടത്. എന്നാല്‍ കോവിഡ് ആയതിനാല്‍ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നിന്ന് ഡിസംബറിലേക്ക് മാറ്റിയിരുന്നു. 2020 ഡിസംബര്‍ 21നാണ് ഭരണസമിതികള്‍ നിലവില്‍വന്നത്. ഇനിയുള്ള തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഡിസംബറിലാണ് നടക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!