രാവിലെ ആറുമണിക്ക് മോക് പോൾ; ഏഴ് മണി മുതൽ പോളിംഗ്

Share our post

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി മെഷീനുകളുടെ പ്രവർത്തനക്ഷമതയും കൃത്യതയും പരിശോധിച്ച് ഉറപ്പിക്കുന്നതിനായി വോട്ടെടുപ്പ് തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂർ മുൻപ് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ മോക് പോൾ ആരംഭിക്കും. തുടർന്നാണ് രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കുക. മെഷീനിൽ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിച്ച ശേഷം ഏതാനും വോട്ടുകൾ രേഖപ്പെടുത്തിയാണ് മോക് പോൾ നടത്തുന്നത്. മത്സരിക്കുന്ന ഓരോ സ്ഥാനാർഥിക്കും പോളിംഗ് ഏജന്റുമാർ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് മോക്പോൾ നടത്തുക. ഏതെങ്കിലും സ്ഥാനാർഥിയുടെ പോളിംഗ് ഏജൻറ് മോക് പോൾ സമയത്ത് പോളിംഗ് ബൂത്തിൽ ഇല്ലെങ്കിൽ പോളിംഗ് ഓഫീസർമാരിൽ ആരെങ്കിലുമോ അല്ലെങ്കിൽ ആ സമയത്ത് പോളിംഗ് ബൂത്തിലുള്ള പോളിംഗ് ഏജന്റമാരിൽ ആരെങ്കിലുമോ പ്രസ്തുത സ്ഥാനാർഥിക്കുവേണ്ടി മോക് പോളിൽ വോട്ട് രേഖപ്പെടുത്തണം.

മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി മോക് പോളിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വോട്ടിംഗ് കമ്പാർട്ട്മെന്റിലുള്ള പോളിംഗ് ഓഫീസർ ഉറപ്പുവരുത്തും. സ്ഥാനാർഥികളുടെ പോളിംഗ് ഏജന്റുമാരൊന്നും മോക് പോൾ സമയത്ത് പോളിംഗ് ബൂത്തിൽ ഹാജരായില്ലെങ്കിലും പ്രിസൈഡിംഗ് ഓഫീസർ മോക് പോൾ അക്കാരണത്താൽ മാറ്റിവെക്കില്ല. അതുപോലെ ഏതെങ്കിലും പോളിംഗ് ഏജന്റുമാർ വൈകി പോളിംഗ് ബൂത്തിൽ ഹാജരായാലും മോക് പോളുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർ നടപടിക്രമങ്ങൾ അതുവരെ നടത്തിയവ ആവർത്തിക്കില്ല. പകരം തുടർന്നുവരുന്ന നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിന് അനുവദിക്കും. മോക് പോൾ നടത്തുമ്പോൾ ഓരോ സ്ഥാനാർഥിക്കും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ഒരു കടലാസ്സിൽ എഴുതി സൂക്ഷിക്കും. മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും, എഴുതി സൂക്ഷിച്ചിട്ടുള്ള മോക് പോളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ തുല്യം ആകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. മോക് പോളിനു ശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ കൺട്രോൾ യൂണിറ്റിലെ ഫലം പരിശോധിച്ച് മത്സരിക്കുന്ന ഓരോ സ്ഥാനാർഥിക്കും എഴുതി സൂക്ഷിച്ചിട്ടുള്ള കണക്ക് പ്രകാരം മോക് പോളിൽ രേഖപ്പെടുത്തിയ വോട്ട് മെഷീനിൽ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തും. ശേഷം കൺട്രോൾ യൂണിറ്റിലെ ക്ലിയർ ബട്ടൻ അമർത്തി മോക് പോളിൽ ചെയ്യപ്പെട്ട വോട്ടുകൾ കൺട്രോൾ യൂണിറ്റിൽ നിന്നും മായ്ച്ചുകളയും. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സീൽ ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!