ആധാറിന്റെ ഫോട്ടോ കോപ്പി എടുന്നതിനു വിലക്ക് ഏർപ്പെടുത്തിയേക്കും;യുഐഡിഎഐ
പരവൂർ: ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പിയോ ഇതര പകർപ്പുകളോ മറ്റൊരാള്‍ എടുക്കുന്നത് വിലക്കാന്‍ ഒരുങ്ങി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. രേഖകളുടെ വെരിഫിക്കേഷന് ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കാനാണ് യുഐഡിഎഐ തീരുമാനം. ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരും. ഫോട്ടോകോപ്പികള്‍ സൂക്ഷിക്കുന്ന രീതി നിലവിലുള്ള ആധാര്‍ നിയമത്തിന്റെ ലംഘനമാണെന്നും യുഐഡിഎഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പകരം ക്യൂആര്‍ കോഡ് സ്കാനിംഗ് വഴിയോ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെരിഫിക്കേഷന് അനുവദിക്കുമെന്ന് യുഐഡിഎഐ അധികൃതർ അറിയിച്ചു. പേപ്പര്‍ അധിഷ്ഠിത ആധാര്‍ വെരിഫിക്കേഷന് നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം. രേഖകളുടെ വെരിഫിക്കേഷന് ഡിജിറ്റലായി നടപ്പാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും ഉടന്‍ കൊണ്ടുവരും.
ഹോട്ടല്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാറിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷയെ ആണ് ബാധിക്കുന്നത്. ഇങ്ങനെ ഫോട്ടോ കോപ്പി നല്കുമ്പോള് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നുപോകുമോ എന്ന് ആശങ്കപ്പെടുന്നവർ നിരവധിയാണ്. അവരുടെ ഭയം ഇല്ലാതാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി. പുതിയ നിയമം നിലവില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോ കോപ്പി എടുക്കുന്ന ആളുകള്‍ക്കും കമ്പനികള്‍ക്കുമെതിരേ കര്‍ശന നടപടിയുമുണ്ടാകും. ആധാര്‍ വെരിഫിക്കേഷന് വേണ്ടി പുതിയ ആപ് നിര്‍മിക്കുന്നതിനായുള്ള ശ്രമത്തിലാണ് യുഐഡിഎഐ. വിമാനത്താവളങ്ങള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രായം സ്ഥിരീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം ഉപയോക്തൃ സൗഹൃദപരമായാണ് ഈ ആപ്പിന്റെ നിര്‍മാണം 18 മാസത്തിനുള്ളില്‍ ആപ്പ് പൂര്‍ണമായും ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതനമാക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് ഏറ്റവും വലിയ സവിശേഷത.
