ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നൽകാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് : മുഖ്യമന്ത്രി
കണ്ണൂർ: കേരളത്തിലെ ബഹുജനങ്ങൾ യുഡിഎഎഫിനെ അംഗീകരിക്കുന്നില്ല എന്നതുകൊണ്ട് തന്നെ യുഡിഎഫിന്റെ കൂടെ ഉള്ളവർ വൻ തോതിൽ കൊഴിഞ്ഞുപോകുന്ന നിലവന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അങ്ങനെ വരുമ്പോൾ അവർക്ക് വീണ്ടും കടന്നുവരണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പുതിയ മാർഗം സ്വീകരിക്കണമെന്ന് അവർ കാണുന്നു.അപ്പോൾ പുതിയ ഏതെങ്കിലും ശക്തിയെ ഒന്നിച്ചുകിട്ടോമോ എന്നാണ് നോക്കിയത്.ശ്രമിച്ചപ്പോൾ സാധാരണ നിലയിൽ മുന്നണികളുടെയൊന്നും ഭാഗമാകാൻ പറ്റാത്ത ചിലരായിരുന്നു അത്. എൽഡിഎഫിന്റെ ഭാഗമായ പാർട്ടികളുണ്ട്, യുഡിഎഫിന്റെ ഭാഗായതുമുണ്ട്. ഇങ്ങനെ അല്ലാത്തവരുമുണ്ട്. അത് വർഗീയ തീവ്രവാദ നിലപാടുള്ളവരാണ്-മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയുള്ളവരെ പരസ്യമായി കൂട്ടുചേർക്കാം എന്ന നിലപാടെടുക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ അത് വെച്ചുകൊണ്ടാണ് ഒന്നിച്ചുകൂട്ടാൻ കോൺഗ്രസും- ലീഗും തയ്യാറായത്. അങ്ങനെ തയ്യാറായപ്പോൾ അവർക്ക് ശുദ്ധിപത്രം നൽകാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് നേതാക്കൾ. കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ അവരെ കുറിച്ച് വലിയ തോതിൽ നല്ലത് പറയുന്നു. എന്നാല് മുസ്ലിം ബഹുജനങ്ങളിൽ ജമാ അത്തെ ഇസ്ലാമിയെകുറിച്ച് ഒരു മാറ്റവുമില്ല. കാരണം ജമാ അത്തെ ഇസ്ലാമി മുസ്ലിം ബഹുജനങ്ങളിൽ വലിയ തോതിൽ ഒറ്റപ്പെട്ടുപോയ പ്രസ്ഥാനമാണ്. അതിന് കാരണം അവർ തന്നെയായിരുന്നു.
തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ വിശ്വസിച്ചവരല്ല.. രാജ്യത്തിന്റെ പൊതുവായ കാര്യങ്ങളിലും അവർക്ക് താൽപര്യമില്ലായിരുന്നു.. അവരുടേതായ നിലപാടാണ് എല്ലാ ഘട്ടത്തിലും അവർ സ്വീകരിച്ചത്. ഇത്തരം വർഗീയ തീവ്രവാദ സംഘങ്ങൾക്ക് ഒരു സ്വഭാവമുണ്ട്. നല്ല നുണ വ്യാപകമായി പ്രചരിപ്പിക്കും. അതിൽ വലിയ വെെദഗ്ധ്യമുള്ളവരാണ്. സത്യമായി തോന്നത്തക്ക വിധം പ്രചരിപ്പിക്കും. നുണയുടെ ആശാൻ മാര് പറഞ്ഞപോലെ, ഒരു നുണ ശക്തമായിട്ട് പറയുക, ആവർത്തിച്ചുകൊണ്ടേ ഇരിക്കുക. അപ്പോൾ കുറെ പേർ വിശ്വസിക്കും. ഇത് നല്ല രീതിയിൽ പ്രയോഗിക്കുന്നവരാണ് ഒരു ഭാഗത്ത് ആർഎസ്എസ്; ജമാ അത്തെ ഇസ്ലാമിയും ഇതുപോലെ നുണ പ്രചരിപ്പിക്കാൻ ശേഷിയുള്ളവരാണ്. അത്തരത്തിൽ ഒരു നുണ പ്രചാരണം നാടിന്റെ പൊതുവായ അന്തരീഷം നോക്കിയാൽ, പഴയ കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അകന്ന് നിന്ന ന്യൂനപക്ഷ വിഭാഗത്തിനുണ്ടായിരുന്നു.അവർ ജീവിതാനുഭവത്തിലൂടെ മനസിലാക്കി, ഇവരെ അകറ്റിനിർത്തേണ്ടതല്ലെന്ന്. ഇവരല്ലെ ഓരോ ഘട്ടത്തലും തങ്ങൾക്ക് സഹായിയായതെന്ന്. പല പ്രശ്നങ്ങളും അതിന്റെ ഭാഗമായി അവർ വിലയിരുത്തി. അങ്ങനെ വലിയ മാറ്റം മനോഭാവത്തിലുണ്ടായി.
നേരത്തെ അന്തമായ കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചവർക്ക് അതില്ലാതായി. ശത്രുതാഭാവം ഇല്ലാതായി. രാജ്യത്ത് ഭൂരിപക്ഷ വർഗീയതയുടെ ആപത്ത് വല്ലാതെ ഉയരുമ്പോൾ അതിനെതിരെ സ്വന്തം ജീവൻ കൊടുത്ത് പോരാടാൻ തയ്യാറാകുന്നത് ആരാണ് എന്നവർ കാണുകായാണ്. കമ്യൂണിസ്റ്റ് കാരാണെന്ന് അവർ കാണുകയാണ്. നിത്യജീവിതത്തിലെ അനുഭവങ്ങൾ വച്ചുകൊണ്ടാണ് വലിയ മാറ്റം അവരിലുണ്ടായത്. നേരത്തെയുള്ള വിരോധം മാറി, അവര്ക്ക് വലിയ തോതിൽ സ്വീകാര്യമായ നിലയിലേക്ക് ഇടതുപക്ഷം മാറിയ അവസ്ഥ വന്നു. രാജ്യത്തും കേരളത്തിലും പ്രാദേശികമായും ഇടതുപക്ഷം സ്വീകരിക്കുന്ന നില അതിന് കാരണമായി. ജമാ അത്തെ ഇസ്ലാമിക്ക് ഇത് കണ്ടപ്പോൾ വല്ലാതെ ഹാലിളകി. എല്ലാ കാര്യവും വർഗീയതയിൽ കാണുന്നവർക്ക് ഇതിനോട് പൊരുത്തപ്പെടാനായില്ല. മുസ്ലിം ബഹുജനങ്ങൾ ഇത്തരത്തിൽ മനോഭാവം സ്വീകരിക്കുന്നത് ശരിയല്ല എന്നാണ് ജമാ അത്തെഇസ്ലാമി പറയുന്നത്. പക്ഷെ വസ്തുതകൾ നിലനിൽക്കുകയാണ് , അതിനാൽ നുണ സത്യമായി അവതരിപ്പിക്കണം. അതിന് പരിശീലനം ലഭിച്ച പുരുഷ സ്ത്രീ വളണ്ടിയർമാരെ പരിശീലനത്തിന്റെ ഭാഗമായി വീടുകളിലേക്ക് അയച്ച് വലിയ പ്രചാരണം നടത്തുകയാണ്. അവരുടെ മനസിൽ ഇടതുപക്ഷത്തെ കുറിച്ചുണ്ടായ ധാരണ പൂർണമായി മായ്ച്ചുകളയുക എന്നതിനായിരുന്നു അത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി
