പേരാവൂർ ടൗൺ വാർഡിൽ സമഗ്ര മാറ്റം നടപ്പിലാക്കുമെന്ന് എൽഡിഎഫ്
പേരാവൂർ: ടൗൺ വാർഡിൽ വിവിധ വികസനങ്ങൾ നടപ്പിലാക്കുമെന്ന് എൽഡിഎഫ് പതിനാലാം വാർഡ് കമ്മിറ്റി അറിയിച്ചു.നവീന രീതിയിൽ പേരാവൂർ ടൗണിനെ മാറ്റാനുള്ള കർമ്മപരിപാടികൾ വ്യാപാരികളും തൊഴിലാളികളുമായി ചർച്ച ചെയ്ത് സമവായത്തിൽ നടപ്പിൽ വരുത്തും. കാലങ്ങളായി യുഡിഎഫ് അംഗങ്ങൾ കയ്യാളുന്ന ടൗൺ വാർഡിലെ വികസന മുരടിപ്പ് ഇത്തവണ മാറ്റി പേരാവൂർ ടൗണിനെ മികച്ച രീതിയിലാക്കാൻ നേതൃത്വം നല്കും.
എൽഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങൾ
1.ആവശ്യമായ പാർക്കിംഗ് സൗകര്യമൊരുക്കുന്നതിനും ആധുനിക മത്സ്യ- മാംസ മാർക്കറ്റ്, ടൗൺ സൗന്ദര്യവത്ക്കരണം എന്നിവയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നടപ്പിലാക്കും.
2.ടൗണിനോട് ചേർന്ന് പഞ്ചായത്തിൻറെ കൈവശമുള്ള സ്ഥലത്ത് വികേന്ദ്ര (വിനോദവിജ്ഞാനകേന്ദ്രം) യാഥാർത്ഥ്യമാക്കും. ആധുനിക വിദ്യാഭ്യാസ സ്ഥാപനം , ഫിറ്റ്‌നസ് പാർക്ക്,നീന്തൽ കുളം , പ്രഭാത സായാഹ്ന സവാരിക്കുള്ള നടപ്പാത, ഇൻഡോർ സ്റ്റേഡിയം എന്നിവ നടപ്പിലാക്കും
3.നിർമ്മാണം പുരോഗമിക്കുന്നതാലൂക്ക് ആശുപത്രി ബഹുനില കെട്ടിടം സമയബന്ധിതമായി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ ഇടപെടൽ നടത്തും.
4. പേരാവൂർ ടൗണിന്റെ വികസനത്തിന് കാരണമായി തീരുന്ന മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം റോഡ് യാഥാർത്ഥ്യമാക്കുന്നതോടൊപ്പം വിദഗ്ധ സമിതി രൂപീകരിച്ച് ലിങ്ക് റോഡ് നിർമ്മാണം ത്വരിതഗതിയിലാക്കും.
5. ടൗണിലെ ഓടകളിലൂടെ ഒഴുകുന്ന മലിനജലം സംസ്‌കരിക്കുന്നതിനായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്ശുചിത്വ മിഷനുമായി ചേർന്ന് നടപ്പിൽ വരുത്തും.
6.ടൗണിനോട് ചേർന്ന പഞ്ചായത്തിന്റെ സ്ഥലത്ത് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിക്കും. വാർഡിലെ പ്രധാന റോഡുകളിലെല്ലാം ആധുനിക സംവിധാനത്തോടുകൂടിയ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച് സമ്പൂർണ്ണ വെളിച്ച വിപ്ലവം സൃഷ്ടിക്കും
7.വാർഡിലെ എല്ലാ റോഡുകളും അതത് സമയത്ത് മെയിന്റനൻസ് ചെയ്തും വിട്ടുകിട്ടുന്ന മുറക്ക് പുതിയ റോഡ് ഏറ്റെടുത്ത് ടാറിംഗ് / കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കും. വാർഡിൽ പഞ്ചായത്തിനുവിട്ടു നൽകുന്ന ഒന്നര മീറ്റർ നടപ്പാത കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കും.
8.പേരാവൂർ ടൗണിനെ മികച്ച വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിന് വ്യാപാരികൾ, കെട്ടിട ഉടമകൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ എന്നിവരുടെയെല്ലാം സഹകരണം ഉറപ്പുവരുത്തും.
9.പുരളിമല റോഡിൽ പഞ്ചായത്ത് കൈവശമുള്ള സ്ഥലം ടൂറിസം പദ്ധതിക്ക് വേണ്ടി പ്രയോജനപ്പെടുത്തും. ഇരിപ്പ്ര കുന്നിൽ സ്ഥലം കണ്ടെത്തി നിരീക്ഷണ ടവർ ഉൾപ്പെടെ സ്ഥാപിച്ച് ടൂറിസത്തിനായി പ്രയോജനപ്പെടുത്തും.
10.കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനും ആഴ്ച ചന്തയ്ക്ക് ടൗണിൽ സൗകര്യമൊരുക്കും. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തും
11.ടൗൺ വാർഡിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ടൗണിൽഹെൽപ്പ് ഡെസ്‌ക് സംവിധാനം ഒരുക്കും.
