എട്ട് വർഷത്തെ നിയമപോരാട്ടം; മലയാള സിനിമയെ വിറപ്പിച്ച ആക്രമണം, എന്താകും ക്ലൈമാക്സ്?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനൊടുവിൽ തിങ്കളാഴ്ച അന്തിമവിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്. 11-ന് കോടതിനടപടികൾ ആരംഭിക്കും.
നടുക്കിയ സംഭവം
2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.
എട്ടാം പ്രതി നടന്‍ ദിലീപ്
ഒന്നാംപ്രതി എൻ.എസ്. സുനിൽ (പൾസർ സുനി) ഉൾപ്പെടെ പത്തു പ്രതികളാണ് കേസിലുള്ളത്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിൽ എട്ടുവർഷത്തിനുശേഷമാണ് വിധി വരുന്നത്. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
പ്രതിപ്പട്ടികയില്‍ ഇവര്‍
1. സുനില്‍ എന്‍.എസ്. (പള്‍സര്‍ സുനി)
2. മാര്‍ട്ടിന്‍ ആന്റണി
3. ബി. മണികണ്ഠന്‍
4. വി.പി. വിജീഷ്
5. എച്ച്. സലിം (വടിവാള്‍ സലീം)
6. പ്രദീപ്
7. ചാര്‍ലി തോമസ്
8. നടന്‍ ദിലീപ് (പി. ഗോപാലകൃഷ്ണന്‍)
9. സനില്‍കുമാര്‍ (മേസ്തിരി സനില്‍)
10. ജി. ശരത് (പ്രതിപ്പട്ടികയില്‍ 15-ാം സ്ഥാനത്ത്)
‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’
നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷന്‍ വാദം.
കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.
ഗൂഢാലോചന ആദ്യം ഉന്നയിച്ചത് മഞ്ജു
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ നടി മഞ്ജു വാര്യരായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് നടിക്ക് പിന്തുണയര്‍പ്പിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മഞ്ജുവാര്യര്‍ ഇക്കാര്യം ഉന്നയിച്ചത്. നടൻ ദിലീപും ഇതേ വേദിയിലുണ്ടായിരുന്നു. ‘ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതുമാത്രമല്ല, ഒരുസ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്’, അന്ന് മഞ്ജു പറഞ്ഞു.
നിർണായകമായ ഇടപെടൽ
നടിയെ ആക്രമിച്ച കേസിൽ അന്വേഷണഘട്ടം മുതൽ ഇങ്ങോട്ട് അതിജീവിതയ്ക്ക് വേണ്ടി ഉറച്ചുനിന്ന് രണ്ടുപേർ ഇന്ന് ആ വിധി കേൾക്കാനില്ല. ഒന്നാമത്തെ പേര് കോൺഗ്രസ് നേതാവും മുൻ എം.എൽ.എ.യുമായ പിടി തോമസിന്റേതാണ്. കേസിലെ പ്രധാനപ്പെട്ട സാക്ഷിയായിരുന്നു പിടി തോമസ്. മൊഴി കൊടുക്കരുതെന്നും മൊഴി ശക്തമാക്കരുതെന്നും പലരും ആവശ്യപ്പെട്ടെങ്കിലും തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.
രണ്ടാമത്തെയാൾ സംവിധായകൻ ബാലചന്ദ്രകുമാറാണ്. ദിലീപുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്തബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ബാലചന്ദ്രകുമാർ. അതിനുപിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരേ ആരോപണങ്ങളുയർത്തിയത്. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് തുടരന്വേഷണത്തിലേക്ക് കടക്കുന്നത്.
കേസ് ഒറ്റനോട്ടത്തില്‍
- 261 സാക്ഷികള്‍
- സാക്ഷിവിസ്താരത്തിനുമാത്രം 438 ദിവസം
- പ്രോസിക്യൂഷന്‍ ഹാജരാക്കിയത് 833 രേഖകള്‍
- 142 തൊണ്ടിമുതലുകള്‍
നാള്‍വഴി
- 2017 ഫെബ്രുവരി 17 – നടി ആക്രമിക്കപ്പെട്ടു.
- ഫെബ്രുവരി 18 – ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ അറസ്റ്റുചെയ്തു.
- ഫെബ്രുവരി 19 – വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍കൂടി അറസ്റ്റിലായി
- ഫെബ്രുവരി 20 – മണികണ്ഠന്‍ അറസ്റ്റില്‍
- ഫെബ്രുവരി 23 – ഒന്നാംപ്രതിയായ പള്‍സര്‍ സുനി അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
- ജൂണ്‍ 28 – കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യംചെയ്തു
- ജൂലായ് 10 – ദിലീപ് അറസ്റ്റില്‍
- ഒക്ടോബര്‍ മൂന്ന് – ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കി
- 2018 മാര്‍ച്ച് എട്ട് – കേസില്‍ വിചാരണനടപടി തുടങ്ങി
- 2019 നവംബര്‍ 29 – ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
- 2021 ഡിസംബര്‍ 25 – സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
- 2022 ജനുവരി നാല് – ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് അനുമതി
- 2024 സെപ്റ്റംബര്‍ 17 – പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു
- ഡിസംബര്‍ 11 – അന്തിമവാദം തുടങ്ങി
- 2025 ഏപ്രില്‍ ഒന്‍പത് – പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി
