ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകൾ ഒരാഴ്ച സ്തംഭിക്കും, ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലിയിൽ
ആലപ്പുഴ: തിരഞ്ഞെടുപ്പു ജോലികൾക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചതോടെ ഡ്രൈവിങ്, ഫിറ്റ്നസ് പരീക്ഷകൾ സ്തംഭിക്കും. പല ഓഫീസുകൾക്കു മുന്നിലും ഒരാഴ്ച പരീക്ഷകളില്ലെന്നു വ്യക്തമാക്കി നോട്ടീസുകൾ പതിച്ചു. അടുത്ത തീയതിക്കായി അപേക്ഷിച്ച് ഇനി കാത്തിരിക്കണം. തിരഞ്ഞെടുപ്പു ജോലിക്കായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുക പതിവില്ല. വാഹനങ്ങൾ സജ്ജമാക്കുക മാത്രമാണ് ഉത്തരവാദിത്വം. എന്നാൽ, ഇത്തവണ ഓരോ ജില്ലയിൽനിന്നുമായി ആറു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും 16 അസിസ്റ്റന്റ് ഇൻസ്പെക്ടർമാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. ആലപ്പുഴയിലുള്ള ഉദ്യോഗസ്ഥർക്ക് പാലക്കാട്ടും അവിടെയുള്ളവർക്ക് ആലപ്പുഴയിലുമാണ് ജോലി ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ, ഈ ജില്ലകളിലെ പരീക്ഷകൾ സ്തംഭിക്കും. ഡ്രൈവിങ് പരീക്ഷാത്തീയതി ലഭിക്കണമെങ്കിൽ ഏറെ കാലതാമസമുണ്ട്. ഫിറ്റ്നസ് ടെസ്റ്റിനായി അറ്റകുറ്റപ്പണിയും പെയിന്റിങ്ങും ഉൾപ്പെടെ പൂർത്തിയാക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഈ ദിവസങ്ങളിൽ ടാക്സി ഡ്രൈവർമാർക്ക് വരുമാനവും കിട്ടില്ല. ഇവരും പുതിയ തീയതിക്കായി കാത്തിരിക്കണം. തസ്തികയ്ക്കനുസരിച്ചുള്ള ജോലിയല്ല നൽകിയതെന്നും ഉദ്യോഗസ്ഥർക്ക് ആക്ഷേപമുണ്ട്. എം.വി.ഐ.ക്ക് ഇൻസ്പെക്ടർ റാങ്കും എ.എം.വി.ഐ.ക്ക് എസ്.ഐ. റാങ്കുമുള്ളതാണ്. എന്നാൽ, സിവിൽ പോലീസ് ഒാഫീസർക്കുള്ള ജോലിയാണ് ഇവർക്കു നൽകിയതെന്നാണു പരാതി. തെക്കൻ ജില്ലകളിലെ തിരഞ്ഞെടുപ്പിനുശേഷം അടുത്തദിവസം രണ്ടാംഘട്ട തിരഞ്ഞെടുപ്പിനും ഇവരെ നിയോഗിച്ചിട്ടുണ്ട്. വിശ്രമമില്ലാതെ രണ്ടുഘട്ടത്തിലും ജോലിയെടുക്കേണ്ടിവരുന്നതിലും ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്.
